2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

സ്മാര്‍ട്ടാകുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി


1062

വരാനിരിക്കുന്ന മാസങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒട്ടേറെ വിശേഷങ്ങളുമായിട്ടാണ് കടന്നെത്തുക. വിന്‍ഡോസ് ഫോണ്‍ 8, ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ജില്ലി ബീന്‍ തുടങ്ങിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ അടിസ്ഥാനമാക്കി വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന വ്യത്യസ്ത ഫോണുകളാണ് മുഖ്യ ഇനമായി വരുന്നത്. എച്ച്.ടി.സി  കമ്പനി പ്രഖ്യാപിച്ച Windows Phone 8X, Windows Phone 8S എന്നീ രണ്ട് ഫോണുകള്‍, നോക്കിയ പുറത്തിറക്കുന്ന ലൂമിയ 920, ലൂമിയ 820 ഫോണുകള്‍, സോണി എരിക്‌സന്റെ Xperia V, Xperia TX, Xperia J തുടങ്ങിയ ഫോണുകള്‍, ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗിന്റെ Note II-ന് പുറമെ വിന്‍ഡോസ് ഫോണായ Ativ S, മോട്ടൊറോളയുടെ RAZR M, RAZR HD, ഹ്യൂവായ് കമ്പനിയുടെ Ascend G600, Ascend G330, എല്‍.ജിയുടെ Escape P870, Optimus L9 P760 തുടങ്ങിയ ഒട്ടേറെ ഉപകരണങ്ങളാണ് വിപണിയിലെത്തുന്നത്. ഒക്‌ടോബര്‍ അവസാന വാരത്തില്‍ നടക്കാനിരിക്കുന്ന വിന്‍ഡോസിന്റെ ഔപചാരിക ലോഞ്ചിംഗ് കാത്തിരിക്കുകയാണ് മൊബൈല്‍ കമ്പനികള്‍.

ഈ മാസം പുറത്തിറക്കിയ ആപ്പിളിന്റെ ഐഫോണ്‍ 5, ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗിന്റെയും ഇതര കമ്പനികളുടെയും സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ കൂടിയാവുമ്പോള്‍ സ്മാര്‍ട് ഫോണ്‍ വിപണി ശരിക്കും സ്മാര്‍ട്ടായി മാറും.
എച്ച്.ടി.സിയുടെ വിന്‍ഡോസ് ഫോണ്‍ 8X ഏറെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. 4.3 ഇഞ്ച് സ്‌ക്രീന്‍, ഗൊറില്ല ഗ്ലാസ്, 1.5 GHz വേഗതയുള്ള ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 8 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ക്കൊപ്പം ഇതിന്റെ ഭാരവും താരതമ്യേന കുറവാണ്. 130 ഗ്രാം. ആകൃതിയില്‍ നോക്കിയയുടെ Lumia 920 ഫോണിനോട് സാമ്യമുണ്ടെങ്കിലും ലൂമിയയുടെ ഭാരം 185 ഗ്രാമാണ്. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ട് ഫോണുകള്‍ക്ക് പുറമെ സാംസംഗിന്റെ Ativ S ഫോണിനെയും ഈ ഗണത്തിലുള്‍പ്പെടുത്താം. പുതിയ ഫോണുകളുടെ വില ഇതുവരെ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടില്ല.

സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം വരുന്നതോടെ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മൈക്രോസോഫ്റ്റ് കമ്പനി തന്നെയായിരിക്കും. മൊബൈല്‍ ഉപകരണങ്ങളില്‍ വിന്‍ഡോസിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നതിനായി ഒട്ടേറെ കമ്പനികള്‍ ഇതിനകം മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കി. നേരത്തെ ഈ മേഖലയില്‍ ആന്‍ഡ്രോയിഡിന്റെ ആധിപത്യം െൈമക്രോസോഫ്റ്റിന് ശക്തമായ വെല്ലുവിളിയായിരുന്നു.സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആപ്പിള്‍ കമ്പനിയുടെ ഐഫോണിന്റെ ആധിപത്യം തകര്‍ക്കുക എന്നതും മൈക്രോസോഫ്റ്റിന്റെ ലക്ഷ്യമാണ്. മൈക്രോസോഫ്റ്റ് മാത്രമല്ല സാംസംഗ് പോലുള്ള ഒട്ടേറെ ഫോണ്‍ നിര്‍മ്മാതാക്കളും ആപ്പിളിന്റെ എതിരാളികളായി രംഗത്തുണ്ട്. അതിനാല്‍ തന്നെ ആന്‍ഡ്രോയിഡിന് പുറമെ വിന്‍ഡോസ് കൂടി രംഗത്തെത്തുന്നതോടെ ഐഫോണ്‍ വിപണിയും ശക്തമായ വെല്ലുവിളി നേരിടേണ്ടി വരും.
 
വിപണിയില്‍ മല്‍സരം കൂടുന്നതിനനുസരിച്ച് വിലക്കുറവും ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വേഗതയും അധിക മെമ്മറിയും കൂടുതല്‍ കാര്യക്ഷമതയുമൊക്കെ പ്രതീക്ഷിക്കാം. സാംസംഗ് തങ്ങളുടെ പ്രധാന സ്മാര്‍ട്ട്‌ഫോണുകുളുടെയെല്ലാം വില ഈയിടെ ഗണ്യമായി കുറച്ചു. ഉപകരണങ്ങള്‍ക്ക് വില കുറക്കാതെ നോക്കിയക്കും ഇനി വിപണിയില്‍ പിടിച്ച് നില്‍ക്കാനാവില്ല. ഇതിന്റെയെല്ലാം അന്തിമമായ ഗുണം ഉപയോക്താക്കള്‍ക്കായിരിക്കും.

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

അടുത്ത ഊഴം ബയോടെക്‌നോളജിയുടേത്


വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കൊപ്പം ലോകം അതിവേഗം മാറുകയാണ്. ഈ മാറ്റത്തിന്റെ ഗതി എങ്ങോട്ടാണെന്ന് നിര്‍വചിക്കാന്‍ പോലും സാധ്യമാകാത്ത രീതിയിലാണ് വേഗത. അതോടൊപ്പം അസ്ഥിരതയും പുതുയുഗത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആഗോളവല്‍ക്കരണവും അതുയര്‍ത്തുന്ന വെല്ലുവിളികളും ഒരുവശത്ത്. ഒപ്പം ടെക്നോളജിയുടെ കടന്നുകേറ്റത്തിലൂടെ പ്രത്യക്ഷമാകുന്ന പുതിയ അധിനിവേശങ്ങളുടെ അപായസൂചനകള്‍ മറുവശത്ത്. ടെക്നോളജിയുടെ ദുരുപയോഗത്തിലൂടെ സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളില്‍ പ്രകടമാകുന്ന മൂല്യശോഷണം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല. ടെക്നോളജി ഉയര്‍ത്തുന്ന ഈ വെല്ലുവിളികളെ ടെക്നോളജി കൊണ്ടുതന്നെ നേരിടുക എന്നതാണ് നമ്മുടെ മുമ്പിലുള്ള ഒരേയൊരു വഴി. അതിനാല്‍ തന്നെ വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താനുള്ള ഏത് ശ്രമവും അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു.

ആഗോളവല്‍ക്കരണം യാഥാര്‍ഥ്യമായി പടിവാതിലിലെത്തുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ അതിന്റെ ഇരകളായിത്തീരുമെന്ന വസ്തുത മറക്കരുത്. ലോകത്തെ വന്‍കിട രാഷ്ട്രങ്ങളും കുത്തക സ്ഥാപനങ്ങളുമൊക്കെതന്നെ ഇന്ന് ഐ.ടിയെയാണ് തങ്ങളുടെ മുഖ്യ മാധ്യമവും ആയുധവുമായി ഉപയോഗപ്പെടുത്തുന്നത്. വിദ്യാഭ്യാസ രംഗത്ത് മാത്രല്ല, സാമ്പത്തിക രംഗം മുതല്‍ യുദ്ധരംഗത്ത് വരെ വിവര സാങ്കേതിക വിദ്യ ആധിപത്യമുറപ്പിച്ചുകഴിഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ടെക്നോജളിക്ക് സ്വതന്ത്രമായ നിലനില്‍പില്ലെന്നതാണ് വാസ്തവം. അത് ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുമായി കൂട്ടുകൂടിയപ്പോഴാണല്ലോ നമുക്ക് ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബുമൊക്കെ ലഭിച്ചത്. അങ്ങനെ 'ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി' (വിവര സംവേദന സാങ്കേതികവിദ്യ) രൂപപ്പെട്ടു. അതിന്റെ തണലില്‍ ലോകത്ത് അരങ്ങേറിയ വിവര വിപ്ളവത്തിന് നാം സാക്ഷികളാണ്. കാര്‍ഷിക വിപ്ളവത്തിനും വ്യവസായ വിപ്ളവത്തിനും ശേഷമുള്ള മൂന്നാം തരംഗമായിട്ടാണ് നീരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
അടുത്ത ഊഴം ബയോടെക്നോളജിയുടെതാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ബയോടെക്നോളജിയും കൂട്ടുചേരുന്നതോടെ ഇന്നത്തെ കമ്പ്യൂട്ടറും ഇതര ഇലക്ട്രോണിക് ഉപകരണങ്ങളും ജൈവ ഉപകരണങ്ങളായി രൂപപ്പെടുമെന്നാണ് നിരീക്ഷണം. രണ്ട് ടെക്നോളജിയും സമന്വയിക്കുന്ന 'ബയോഇന്‍ഫര്‍മാറ്റിക്സ്' രംഗം ഇന്ന് ഏറെ വികസിച്ചുവരികയാണ്. ഔഷധ നിര്‍മാണരംഗത്തും അന്തക വിത്തുകള്‍ ഉല്‍പാദിപ്പിക്കുന്നതിലും മാത്രല്ല, ജീവനെസ്സംബന്ധിച്ച അടിസ്ഥാന ധാരണയുണ്ടാക്കിയെടുക്കാന്‍ തന്നെ ഈ പഠനം വഴിയൊരുക്കുമത്രെ. ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കാവശ്യമായ വന്‍ വിവരശേഖരത്തെ ക്രോഡീകരിക്കാനും അപഗ്രഥിക്കാനും വിവരസാങ്കേതിക വിദ്യക്ക് സാധ്യമായിരിക്കുന്നു. മനുഷ്യശരീരത്തിലെ അടിസ്ഥാന ജീനുകള്‍ തിരിച്ചറിഞ്ഞ് ശ്രേണീപരമായി അടയാളപ്പെടുത്തുന്ന 'ഹ്യൂമണ്‍ ജീനോ മാപ്പിംഗ്' ഏറെക്കറെ സാധ്യമായിരിക്കുന്നുവെന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്. ജൈവ ശാസ്ത്രരംഗത്തും ചികില്‍സാ രംഗത്തും ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

വിവര വിദ്യക്കൊപ്പം ജൈവ സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തി ജൈവ-ഇലക്ട്രോണിക് ഉപകരണങ്ങള്‍ സാധ്യമാണോ എന്നിടത്തേക്കാണ് പുതിയ ഗവേഷണങ്ങള്‍ നീങ്ങുന്നത്. വരാനിരിക്കുന്ന ഈ ജൈവ വിപ്ളവം ലോകത്ത് വരുത്തി വെക്കുന്ന മാറ്റങ്ങളും അതുമുഖേന സാധ്യമാകുന്ന നേട്ടങ്ങളും അതോടൊപ്പം അതിന്റെ അത്യന്തം ഭീബല്‍സമായ ഭവിഷ്യത്തുകളും എന്തെല്ലാമായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമാവില്ല. മൂല്യങ്ങള്‍ക്ക് ഒട്ടും വിലകല്‍പിക്കാത്തൊരു ലോകക്രമത്തില്‍ ഇത്തരം ടെക്നോളജികള്‍ മനുഷ്യനെ നയിക്കുന്നത് എങ്ങോട്ടായിരിക്കുമെന്നതും ആശങ്ക ഉളവാക്കുന്നു.
=======