2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

'വിക്കി' സംസ്‌കാരം


04

2001-ല്‍ ജിമ്മി വെയില്‍സ് എന്ന അമേരിക്കന്‍ ഗവേഷകന്‍, വിവരാന്വേഷണത്തിനും അത് ആര്‍ജ്ജിക്കുന്നതിനുമായി ആധുനിക മനുഷ്യന്‍ സ്വീകരിച്ചുവരുന്ന വ്യത്യസ്ത രീതികള്‍ വ്യാഖ്യാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ 'വിക്കിപീഡിയ' എന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന് രൂപം നല്‍കി. അന്ന് തുടക്കമിട്ട ഈ ഓണ്‍ലൈന്‍ സംരംഭത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ മുപ്പത്തഞ്ച് ദശലക്ഷമാണ്. 285 ലോകഭാഷകളിലായി ഇരുപത്തിമൂന്ന്് ദശലക്ഷം പേജുകളും 365 ദശലക്ഷം ഉപയോക്തക്കളുമായി വിക്കിപീഡിയ മുന്നേറുകയാണ്. പ്രസിദ്ധ ഇംഗ്ലീഷ് മാഗസിനായ 'നേച്ചര്‍' 2005-ല്‍ നടത്തിയ ഒരു പഠനത്തിലൂടെ ഇതിലെ വിവരങ്ങളുടെ സൂക്ഷ്മതയും ആധികാരികതയും എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ അത്രതന്നെ വരുമെന്ന് തെളിയിച്ചു.
 
നേരത്തെ, 1994-ല്‍ വാര്‍ഡ് കണ്ണിംഗ്ഹാം എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, താന്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിന് WikiWikiWeb എന്നാണ് പേര് നല്‍കിയത്. വെബ്‌പേജ് നിര്‍മാണം അറിയാത്തവര്‍ക്കും ഇന്റര്‍നെറ്റില്‍ തങ്ങളുദ്ദേശിക്കുന്നത് പ്രസിദ്ധപ്പെടുത്താനുള്ള അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. അന്ന് ഇന്റര്‍നെറ്റ് ശൈശവ ദശയിലായിരുന്നു. ഇന്നത്തെപ്പോലെ കണ്ടന്റ് മാനേജ്‌മെന്റ് നിസ്റ്റം പോലുള്ള സാങ്കേതിക വിദ്യകളൊന്നും രംഗത്തെത്തിയിരുന്നില്ല. ഇന്റര്‍നെറ്റിന്റെ മൂര്‍ത്ത രൂപമായി മാറിയ World Wide Web (www) പോലും ഇതിന്റെ തൊട്ടുമുമ്പുള്ള വര്‍ഷമാണല്ലോ കടന്നുവരുന്നത്.

ഹോണോലുലു എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന Wiki Wiki Bus എന്ന പേരില്‍ നിന്നാണ് Wikipedia രൂപപ്പെട്ടത്. ഹാവായ് ഭാഷയില്‍ Wiki എന്നാല്‍ 'അതിവേഗം സഞ്ചരിക്കുന്നത്' എന്നര്‍ഥം. പുതുയുഗത്തിലെ വിവരാന്വേഷണ രീതിയില്‍ വിക്കിപീഡിയ വലിയ മാറ്റങ്ങളുണ്ടാക്കി. സേവനം സൗജന്യമാണെന്നത് മാത്രമല്ല വിവര സമ്പാദനത്തിലെ വേഗതയിലും ഇത് വിപ്ലവം സൃഷ്ടിച്ചു.

കാര്യങ്ങള്‍ ഗ്രഹിക്കാനും സംശയനിവാരണത്തിനുമൊക്കെ മുതിര്‍ന്നവരെയും പണ്ഡിതന്‍മാരെയും സമീപിച്ചിരുന്ന കാലം അവസാനിക്കുകയാണ്. ഏത് വിഷയം സംബന്ധിച്ചായാലും കൂടുതല്‍ പഠനത്തിനും റഫറന്‍സിനും ബുക്ക് സ്റ്റാളുകളും ലൈബ്രറികളും കയറിയിങ്ങിയിരുന്ന കാലവും അവസാനിക്കുകയാണ്. ഇതിനൊക്കെ പകരമായി പുതിയ തലമുറ കൂടുതല്‍ വേഗത്തിലും സൂക്ഷ്മമായും വിവരങ്ങള്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിനെ ആശ്രിക്കുന്നുവെന്നതാണ് സത്യം.

ഇന്റനെറ്റിലെ ഒരു പ്രത്യേക ഇനം വെബ്‌സൈറ്റാണ് വിക്കിപീഡിയ. ലോകത്തെവിടെയുമുള്ള സന്ദര്‍ശകര്‍ക്ക് ഇതിന്റെ ഉള്ളടക്കത്തില്‍ മറ്റിത്തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടത്താം. ഈ പ്രക്രിയയിലൂടെയാണ് വിക്കിപീഡിയ ഇന്ന് കാണുന്നതു പോലുള്ള അതിബൃഹത്തായ വിജ്ഞാന ശേഖരമായി മാറിയത്. ആര്‍ക്കും എന്തും കൂട്ടിച്ചേര്‍ക്കാമെന്ന് കരുതി ഇതിന്റെ ആധികാരികതയില്‍ സംശയം പുലര്‍ത്തേണ്ടതില്ല. ഇത്തരമൊരു സ്വതന്ത്ര സ്വഭാവമുള്ളതിനാല്‍ തന്നെ കാലം ചെല്ലുംതോറും ഇതിലെ വിവരങ്ങള്‍ സത്യസന്ധവും കൂടുതല്‍ സൂക്ഷ്മവുമായിത്തീരുന്നു. മാറ്റിത്തിരുത്തലുകള്‍ ഇതിനെ വിവരങ്ങളുടെ പൂര്‍ണ്ണതയിലെത്തിക്കുന്നുവെന്നതാണ് ശരി.
വിജ്ഞാന സമ്പാദനത്തില്‍ പുതിയൊരു സംസ്‌ക്കാരം. അതാണ് 'വിക്കി' സംസ്‌ക്കാരം. പ്രത്യേക സ്വഭാവമോ നേതൃത്വമോ ഇല്ല. സ്വന്തമായ എഡിറ്റോറിയല്‍ സമിതിയില്ല. വിവരസ്രോതസ്സുകള്‍ വ്യത്യസ്തമാണെന്ന് മാത്രമല്ല ചലനാത്മകവുമാണ്. അതെപ്പോഴും പരിവര്‍ത്തനത്തിനും പുതുക്കലിനും വിധേയമാണ്. കൂട്ടിച്ചേര്‍ക്കുന്ന വിവരം സത്യസന്ധവും ആധികാരികവുമാവണമെന്നല്ലാതെ മറ്റു വ്യവസ്ഥകളൊന്നുമില്ല. എന്നുവച്ച് അതിന്റെ നിര്‍മാതാവായ ജിമ്മി വെയില്‍സിനെ ആര്‍ക്കും അവഗണിക്കാനാവില്ല. ലോകത്തെങ്ങുമുള്ള വിക്കിപിഡിയുടെ സന്നദ്ധ സേവകരുടെ പരിശ്രമങ്ങളും അവഗണിക്കാനാവില്ല.