2014, ഡിസംബർ 13, ശനിയാഴ്‌ച

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസംഗിന്റെയും ആപ്പിളിന്റെയും ആധിപത്യം അവസാനിക്കുമോ?

4000 രൂപ ഉല്‍പാദനച്ചിലവുള്ള സാധനത്തിന് നാല്‍പതിനായിരവും ആറായിരം രൂപ ചിലവുള്ളതിന് അറുപതിനായിരവും രൂപ വില ഈടാക്കുന്ന കാലം അവസാനിക്കാറായി എന്നാണ് തോന്നുന്നത്. പകരം വരുന്നത് ചൈനക്കാരനാണ്. ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള 'ഷവോമി' കമ്പനി ഇപ്പോള്‍ ഈ രംഗത്ത് ആഗോള തലത്തില്‍ തന്നെ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിക്കൊണ്ടാണ് ഞങ്ങളിപ്പോള്‍ മുന്നേറുന്നതെന്ന് അതിന്റെ തലവന്‍ ഇയ്യിടെ അവകാശപ്പെടുകയുണ്ടായി. നേരത്തെ ഈ രഗേത്തുണ്ടായിരുന്ന ബ്ലാക്ബെറി, എച്ച്.ടി.സി, എല്‍.ജി, സോണി എന്നിവരൊക്കെ ഇപ്പോള്‍ എവിടെയാണുള്ളത്?
ഒരു കാലത്ത് മൊബൈല്‍ ഫോണിന്റെ പര്യായമായിരുന്ന 'നോക്കിയ' വളരെ പെട്ടെന്നല്ലേ ചരിത്രത്തിന്റെ ഭാഗമായത്. നേരത്തെ നോക്കിയയും സോണി എരിക്സണും എച്ച്.ടി.സിയുമൊക്കെ അവയുടെ ഉയര്‍ന്ന സവിശേഷതകളുള്ള ഫോണുകള്‍ക്ക് അമിത വില ഈടാക്കിയപ്പോഴാണ് ഉപഭോക്താക്കള്‍ക്ക് അല്‍പം ആശ്വാസം പകര്‍ന്നുകൊണ്ട് സാംസംഗ് രംഗത്തെത്തിയത്. ഏറെത്താമസിയാതെ വിപണിയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്ക് സാധ്യമായി. എന്നാല്‍ അന്ന് നോക്കിയ അനുവര്‍ത്തിച്ച അതേ നയമാണ് ഇപ്പോള്‍ സാംസംഗ് ഉപഭോക്താക്കളോട് അനുവര്‍ത്തിക്കുന്നത്. സാംസംഗിന്റെ ഗാലക്സി നോട്ട് 4 ന്റെ വില ഏകദേശം അറുപതിനായിരം രൂപ. ഗ്യാലക്സി എസ് 5 ന്റെ വില ഏകദേശം 40,000 രൂപ. ഏറെക്കുറെ സമാന സവിശേഷയകളുമായി പുറത്തിറങ്ങിയ ആപ്പിളിന്റെ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ വില അര ലക്ഷം രൂപക്ക് മുകളില്‍.
ചൈനക്കാര്‍ അത്ര മോശക്കാരൊന്നുമല്ല. നോട്ട്ബുക്ക് പി.സിയുടെ വില്‍പനയില്‍ ഡെല്‍, എച്ച്.പി, കംപാക്, തോഷിബ, സോണി, എയ്സര്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളെ പിന്നിലാക്കി ചൈനയുടെ 'ലനോവ'യല്ലേ ഒന്നാം സ്ഥാനത്തുള്ളത്. ഷവോമി, വണ്‍പ്ലസ്, മെയ്സു തുടങ്ങിയ ചൈനീസ് കമ്പനി നാമങ്ങളൊക്കെ ഈ അടുത്ത കാലത്താണ് നാം കേള്‍ക്കാന്‍ തുടങ്ങിയത്. വളരെപ്പെട്ടെന്നാണ് ചൈനയുടെ വന്‍മതില്‍ ഭേദിച്ച് അവ ആഗോള വിപണിയിലെത്തുന്നത്. വണ്‍പ്ലസ് വണ്‍ ചൈനക്കാരന്റെ ഐഫോണാണ്. ഐഫോണിനെപ്പോലും പിന്നിലാക്കുന്ന സവിശേഷതകള്‍. വിലയാണെങ്കില്‍ ഐഫോണിന്റെ മൂന്നിലൊന്ന്. സാംസംഗിന്റെ ഫോണുകളെയും പിന്നിലാക്കുന്ന സവിശേഷതകളുമായി വിപണിയിലെത്തുന്ന ഷവോമി ഫോണുകള്‍ക്ക് സാംസംഗ് ഫോണുകളുടെ വിലയുടെ പകുതിയില്‍ താഴെ.
പുതിയ ലോകം സ്മാര്‍ട്ട് ഫോണുകളുടെ അടിമകളോ അഡിക്റ്റുകളോ ആയി മാറിയെന്നത് ഒരു യാഥാര്‍ഥ്യം മാത്രം. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ 27.8 കോടി. ഈ വര്‍ഷാവസാനത്തോടെ അത് 32 കോടിയായി വര്‍ദ്ധിക്കും. ഇതില്‍ ബഹുഭൂരിഭാഗവും നെറ്റ് ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ്. ഇനി പറയൂ, സാധാരണ ഉപയോക്താക്കള്‍ ആരെ സ്വീകരിക്കും? വിപണിയില്‍ ആര് മുന്നേറും?

2014, ഡിസംബർ 8, തിങ്കളാഴ്‌ച

വാട്ട്സ്ആപ്പ് സുഹൃത്തുക്കളെ അറിഞ്ഞിരിക്കുക

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍, 'വാട്ട്സ്ആപ്പ്' ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. ഇതിലെ വ്യത്യസ്ത ഗ്രൂപ്പുകളില്‍ അംഗമായവരും സ്വന്തമായി ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നവരും വര്‍ദ്ധിച്ചിരിക്കയാണ്. ആ നിലക്ക് ഗ്രൂപ്പുകളിലെ സുഹൃത്തുക്കളെസ്സംബന്ധിച്ച് നല്ല ധാരണ ഉണ്ടാവേണ്ടത് ആവശ്യമായിരിക്കുന്നു. ഗ്രൂപ്പില്‍ തങ്ങളുടെ പെരുമാറ്റവും പതിവു രീതികളുമനുസരിച്ച് അംഗങ്ങളെ വ്യത്യസ്ത വിഭാഗമായി വേര്‍തിരിക്കാവുന്നതാണ്.
1. ഗ്രൂപ്പില്‍ സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും പോസ്റ്റ് ചെയ്യുകയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നവരാണ് ഒന്നാമത്തെ വിഭാഗം. ഇവരുടെ സാന്നിധ്യമായിരിക്കും പലപ്പോഴും ഗ്രൂപ്പിനെത്തന്നെ ചലിപ്പിക്കുന്നതും സജീവമായി നിലനിറുത്തുന്നതും. മിക്ക ഗ്രൂപ്പുകളിലും ഇത്തരക്കാരുടെ സാന്നിധ്യമുണ്ടാവുമെങ്കിലും ഇവര്‍ എണ്ണത്തില്‍ കുറവായിരിക്കും. ഗ്രൂപ്പില്‍ ഈ വിഭാഗത്തിന്റെ സാന്നിധ്യം അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു.
2. മിക്ക പോസ്റ്റുകള്‍ക്കും ഒരൊറ്റ പദത്തില്‍ തങ്ങളുടെ പ്രതികരണം അറിയിക്കുന്നവര്‍. OK, Good, Well എന്നൊക്കെയായിരിക്കും പ്രതികരണം. ചിലപ്പോള്‍ ഒരു ക്ലാപ്പ്. അല്ലെങ്കില്‍ അതു പോലുള്ള വേറെ ചിഹ്നങ്ങള്‍ പെറുക്കി വെച്ച് പ്രതികരണം നിറവേറ്റും. ഇവര്‍ ഗ്രൂപ്പിലെ സന്ദേശങ്ങള്‍ മുഴുക്കെ വായിക്കുകയും വീഡിയോ ക്ലിപ്പുകളും ഓഡിയോകളും കാണുന്നവരും കേള്‍ക്കുന്നവരുമായിരിക്കും. ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ ഇവര്‍ക്ക് പറയത്തക്ക നിലപാടുകളൊന്നുമുണ്ടാവില്ല. ഇതര അംഗങ്ങള്‍ക്ക് ഇവരുടെ അംഗത്വം കൊണ്ട് പ്രത്യേകിച്ചു ശല്യമോ പ്രയോജനമോ ഇല്ല. നല്ല അനുധാവകള്‍ എന്ന നിലക്ക് ഇവരെ ഗ്രൂപ്പില്‍ നിലനിറുത്തേണ്ടത് ആവശ്യമാണ്.
3. ഗ്രൂപ്പ് അംഗങ്ങളെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ട് ഒട്ടും പ്രയോജനകരമല്ലാത്ത സന്ദേശങ്ങളും വീഡിയോകളും ഓഡിയോകളും തുടരെത്തുടരെ അയക്കുന്നവര്‍. അഡ്മിനോ ഗ്രൂപ്പ് അംഗങ്ങളോ ഇവര്‍ക്ക് എത്ര വാണിംഗ് കൊടുത്താലും ഫലമുണ്ടാവാറില്ല. ഗ്രൂപ്പിലെ ഇതര അംഗങ്ങളുടെ സന്ദേശങ്ങള്‍ ഇവര്‍ വായിക്കുകയുമില്ല. തങ്ങള്‍ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യുന്നതെന്താണെന്ന് പോലും ഇവര്‍ ചിന്തിക്കുന്നുമില്ല. ഇത്തരക്കാരെ അഡ്മിന്‍ ഇടപെട്ട് കഴിയുന്നതും വേഗത്തില്‍ ഗ്രൂപ്പില്‍ നിന്ന് 'റിമൂവ്' ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇവരുടെ ശല്യം കാരണം ഇതര ഗ്രൂപ്പ് അംഗങ്ങള്‍ സ്വയം ഒഴിഞ്ഞു പോവാന്‍ സാധ്യതണ്ട്.
4. ഇടക്കൊക്കെ ശല്യപ്പെടുത്തുന്ന സന്ദേശങ്ങളും വീഡിയോകളും ഓഡിയോകളും അയക്കുന്നവര്‍. എന്നാല്‍ അഡ്മിനോ ഗ്രൂപ്പ് അംഗങ്ങളോ ഇടപെട്ട് ഉപദേശിക്കുകയോ മുന്നറിയിപ്പ് നല്‍കുകയോ ചെയ്താല്‍ ഇവര്‍ തിരുത്താന്‍ തയ്യാറാകും. വലിയ ശല്യമൊന്നുമില്ലെങ്കില്‍ ഇത്തരക്കാരെ ഗ്രൂപ്പില്‍ നിലനിറുത്താവുന്നതാണ്.
5. വാട്ട്സ്ആപ്പില്‍ വ്യക്തിത്വമില്ലാതെ ഒളിഞ്ഞിരിക്കുന്നവരാണ് അഞ്ചാമത്തെ വിഭാഗം. ഇവര്‍ പ്രൊഫൈലില്‍ സ്വന്തം പേര് ചേര്‍ത്തിട്ടുണ്ടാവില്ല. അജ്ഞതയോ അശ്രദ്ധയോ ആയിരിക്കും കാരണം. സന്ദേശമയക്കുമ്പോള്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ മാത്രമോ പ്രത്യക്ഷമാകൂ. പേര് കാണില്ല. അതിനാല്‍ ഭൂരിഭാഗം മെമ്പര്‍മാരെസ്സംബന്ധിച്ചേടത്തോളം ഇവര്‍ അജഞാതരായിരിക്കും. നൂറില്‍ താഴെ മാത്രം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ഇത് അഭികാമ്യമല്ല. പ്രൊഫൈലില്‍ പേര് ഉള്‍പ്പെടുത്താന്‍ അഡ്മിന്‍ ഇവരോട് ആവശ്യപ്പെടണം.
6. വാട്ട്സ്ആപ്പ് ലോകത്തെ നിശ്ശബ്ദ വിഭാഗം. ഇവരുടെ സ്റ്റാറ്റസ് ഇതുമാത്രമായിരിക്കും. Hey There! I am using WhatsApp... നിങ്ങള്‍ ഇവരെ ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും പലപ്പോഴും ഇവര്‍ വാട്ട്സ്ആപ്പില്‍ പ്രത്യക്ഷപ്പെട്ടിട്ട് ആഴ്ചകളോ മാസങ്ങളോ ആയിട്ടുണ്ടാവും. ഗ്രൂപ്പില്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മെമ്പര്‍മാരെ ചേര്‍ക്കാനുണ്ടെങ്കില്‍ ഇത്തരക്കാരെ 'റിമൂവ്' ചെയ്യുന്നതാണ് നല്ലത്.
7. കൊഴിഞ്ഞ പോകുന്നവര്‍. ഇടക്ക് കാരണമൊന്നും വെളിപ്പെടുത്താതെ ഗ്രൂപ്പില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോകുന്നവര്‍. ഇത്തരം സുഹൃത്തുക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.
ഗ്രൂപ്പുകള്‍ പ്രയോജനപ്രദമാക്കാനും പ്രവര്‍ത്തനം സജീവമായി നിലനിറുത്താനും ഗ്രൂപ്പിലെ അംഗങ്ങളെ നല്ലപോലെ മനസ്സിലാക്കുക. ഓരോ വിഭാഗത്തോടും അനുവര്‍ത്തിക്കേണ്ട നിലപാടും അറിഞ്ഞിരിക്കുക. 

'പുലി വരുന്നേ... പുലി വരുന്നേ...'

ആകാശത്ത് പറന്നുനടക്കുന്ന കുതിരയുടെ നിഴല്‍. അതിന്റെ വീഡിയോയും ഉണ്ട്. സംഭവം കണ്ടത് സൌദിയിലെ ജിദ്ദയിലാണ് പോലും! പിന്നെ പയ്യോളിയില്‍ ഒരു കുട്ടിയെ കീരി മാന്തി പേയിളകിയ മറ്റൊരു കഥ. കുട്ടിയെ മുറിയിലിട്ടടച്ചു കൊല്ലണമെന്നാണത്രെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കെ കോള്‍ ചെയ്തപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ചു വികൃതമായ മനുഷ്യ മുഖം. ആശുപത്രിക്കിടക്കയില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന കുരുന്നുകളുടെ ചിത്രങ്ങള്‍. സഹായാഭ്യര്‍ഥനകള്‍. ഇതില്‍ ആശുപത്രിയുടെ പേരോ സ്ഥലമോ ഫോണ്‍ നമ്പറോ ഒന്നും കാണില്ല. കാണാതായ കുട്ടികളുടെയും വൃദ്ധരുടെയും ചിത്രങ്ങള്‍. ആര്, എവിടെ എന്നൊന്നും വ്യക്തമാവുകയില്ല.
ഗള്‍ഫിലെ വന്‍ ജോലി സാധ്യതകള്‍. എവിടുന്നോ പെറുക്കിയെടുത്ത മാസങ്ങളോ വര്‍ഷങ്ങളോ പിന്നിട്ട തൊഴില്‍ പരസ്യങ്ങളായിരിക്കും ഇവ. ബിസിനസ് സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ആരൊക്കെയോ മനപ്പൂര്‍വം പടച്ചുണ്ടാക്കുന്ന വ്യാജ ആരോപണങ്ങള്‍, വ്യക്തികളെയും സംഘടനകളെയും അപകീര്‍ത്തിപ്പെടുത്തുന്ന ദുരാരോപണങ്ങള്‍. പിന്നെ കുറെ തമാശകള്‍. മൊബൈല്‍ ഫോണിന്റെ മെമ്മറിയും ഡാറ്റാ പ്ലാനിന്റെ ബൈറ്റ്സും കവര്‍ന്നെടുക്കുന്ന ഒരുപകാരവുമില്ലാത്ത കൂറെ വീഡിയോ ക്ലിപ്പുകള്‍. ചിത്രങ്ങള്‍. നെടുനീളന്‍ ഫോര്‍വേഡുകള്‍...
വാട്ട്സ്ആപ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളും ഫോര്‍വേഡുകളും ശ്രദ്ധിക്കുന്ന ആര്‍ക്കും ഈ ആധുനിക മാധ്യമത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥ പെട്ടെന്ന് ബോധ്യമാവും. ഒരു കമ്പ്യൂട്ടറും അല്‍പം വക്രബുദ്ധിയും വികല ഭാവനയുമുണ്ടെങ്കില്‍ ആര്‍ക്കും എന്തും പടച്ചുണ്ടാക്കാവുന്ന കാലമാണിത്. ഇതിലൊക്കെ വഞ്ചിതരാവാതിരിക്കാനുള്ള സാമാന്യ ബുദ്ധി നമുക്ക് നഷ്ടമായോ? വാട്ട്സ്ആപ് കാലത്ത് നാം വെറും 'ഫോര്‍വേഡ്' കളിക്കാനുള്ള ജീവികളായി മാറിയിരിക്കയാണോ?
ഫലപ്രദമായി ഉപയോഗിച്ചാല്‍ സമൂഹത്തില്‍ വളരെയേറെ നന്മ പ്രചരിപ്പിക്കാനാവുന്ന ഈ നല്ല മാധ്യമത്തെ ഈ രീതിയില്‍ ദുരുപയോഗം ചെയ്യുന്നത് മാപ്പര്‍ഹിക്കുന്നില്ല. ഒരു വരിയാണെങ്കില്‍ പോലും സ്വന്തവും സ്വതന്ത്രവുമായ ആശയപ്രകടനത്തിന് മിക്കവരും തയ്യാറാവുന്നില്ല. വാട്ട്സ്ആപ് സമൂഹത്തിന്റെ സര്‍ഗ്ഗശേഷി ഇത്രമാത്രം ശുഷ്കമായോ? ഉപകാരപ്രദമായ വിവരങ്ങള്‍ കൈമാറുന്നവരും ആ രീതിയില്‍ ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നയിക്കുന്നവരും വിരളം.
അത്രയൊന്നും പക്വതയോ പാകതയോ ആര്‍ജ്ജിച്ചിട്ടില്ലാത്ത വിഭാഗത്തിന്റെ കൂടി കരങ്ങളില്‍ ഇത്തരം സ്വതന്ത്രമായ ആശയവിനിമയ സംവിധാനം ലഭിച്ചാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പണ്ട് ഒരാട്ടിടയന്‍ 'പുലി വരുന്നേ, പുലി വരുന്നേ...' എന്ന് നിലവിളിച്ച് ആളെക്കൂട്ടി അവസാനം സത്യമായും പുലി വന്നപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്ന കഥ നാം പഠിച്ചതാണല്ലോ. വാട്ട്സ്ആപില്‍ ഇപ്പോള്‍ എന്ത് കണ്ടാലും വിശ്വസിക്കാനാവാത്ത അവസ്ഥയാണുള്ളത്.
എന്താണിതിന് പരിഹാരം. മനംമടുത്ത്, മെനുവിലെ 'Group Info' യിലെ അവസാന ഭാഗത്തുള്ള 'Exit Group' എന്ന ഓപ്ഷന്‍ ഒരിക്കലും പരിഹാരമല്ല. നമ്മള്‍ ഗ്രൂപ്പില്‍ നിന്ന് മാറിനിന്നാലും കാര്യങ്ങളെല്ലാം പഴയപടി തുടരുന്നുണ്ടാവും. ശക്തവും വ്യാപകവുമായ ബോധവല്‍ക്കരണം മാത്രമാണ് ഇതിന് പരിഹാരം. ഏതാനും ഗ്രൂപ്പുകളില്‍ ഈ രീതി സ്വീകരിച്ചപ്പോള്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത് ആശ്വാസകരമാണ്. ഇപ്പോള്‍ ഈ ബോധവല്‍ക്കരണം പല ഗ്രൂപ്പുകളിലും തുടങ്ങിയിട്ടുണ്ടെന്നതും പ്രതീക്ഷക്ക് വക നല്‍കുന്നു.

രാജാവിന്റെ കുറിപ്പിലെ സ്വകാര്യം

പണ്ട്, വളരെ പണ്ട് 'വിവരപുരം' എന്നൊരു രാജ്യത്ത് 'സാങ്കേതികന്‍' എന്ന് പേരുള്ള ഒരു രാജാവുണ്ടായിരുന്നു. ഒരിക്കല്‍ രാജാവ് തന്റെ ഏറ്റവും വിശ്വസ്ഥനായ മന്ത്രിയെ വിളിച്ച് ചെറിയൊരു കുറിപ്പു കൈയ്യില്‍ കൊടുത്തു. 'ഇതിലെ വിവരം പരമ രഹസ്യമാണ് കെട്ടോ, ആരോടും പറയരുത്'. രാജാവ് പ്രത്യേകം ഉണര്‍ത്തി. 'ശരി പ്രഭോ'. മന്ത്രി സമ്മതിച്ചു. പക്ഷെ മന്ത്രിക്കുണ്ടോ ഉറക്കം വരുന്നു. രാത്രി തപ്പിത്തടഞ്ഞ് മൊബൈല്‍ ഫോണെടുത്ത് തന്റെ വാട്ട്സ്ആപ് ഗ്രൂപ്പില്‍ രാജാവിന്റെ പരമ രഹസ്യമായ കുറിപ്പ് പോസ്റ്റ് ചെയ്തു. 'സാങ്കേതികന്‍ രാജാവ് പറഞ്ഞ സ്വകാര്യമാണ്, ആര്‍ക്കും ഫോര്‍വേഡ് ചെയ്യരുതെ'ന്ന് പ്രത്യേകം അടിക്കുറിപ്പും എഴുതിച്ചേര്‍ത്തു.
മന്ത്രിയുടെ മെസ്സേജ് കിട്ടിയവരെല്ലാം തങ്ങള്‍ക്ക് ബന്ധമുള്ള ഇതര ഗ്രൂപ്പുകളിലേക്കും, അത് കിട്ടിയര്‍ അവിടുന്ന് വേറെ ഗ്രൂപ്പുകളിലേക്കും സന്ദേശം ഫോര്‍വേഡ് ചെയ്തുകൊണ്ടേയിരുന്നു. സംഗതി വാട്ട്സ്ആപ്പില്‍ വൈറലായി. അങ്ങനെ അവസാനം വാട്ട്സ്ആപിലൂടെത്തന്നെ രാജാവിന് തന്റെ പരമരഹസ്യമായ കുറിപ്പ് തിരിച്ചു കിട്ടി. അതൊന്നു വായിക്കണമല്ലോ. പക്ഷെ വെറും കുത്തിവരകള്‍ മാത്രം. ഒന്നും മനസ്സിലാകുന്നില്ല. ഉടനെ മന്ത്രിയെ വിളിച്ചുവരുത്തി ചോദിച്ചു. 'അന്ന് നോം തന്ന രഹസ്യ കുറിപ്പില്‍ എന്തായിരുന്നു എഴുതിയിരുന്നത്'. കുറേ ആലോചിച്ച ശേഷം മന്ത്രി പറഞ്ഞു. 'പ്രഭോ. അടിയനും അതറിയില്ല. കുറിപ്പ് വായിക്കാതെയാണ് അടിയനത് ഫോര്‍വേഡ് ചെയ്തത്..' രാജാവിന് സന്തോഷമായി. 'നല്ല മന്ത്രി തന്നെ'. രാജാവ് മന്ത്രിയെ വളരെയധികം അഭിനന്ദിച്ചു.
ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് രാജാവ് മന്ത്രിക്ക് നല്‍കിയ കുറിപ്പിലെ വിവരം എന്തായിരുന്നുവെന്നറിയാന്‍ നമുക്കും താല്‍പര്യമുണ്ടാവുമല്ലോ. അതിതായിരുന്നു. 'വാട്ട്സ്ആപിലൂടെ ഫോര്‍വേഡ് ചെയ്യുന്നതൊന്നും ഒരിക്കലും വായിച്ചു നോക്കരുത്. കിട്ടിയത് അപ്പടിയങ്ങ് കണ്ണടച്ച് ഗ്രൂപ്പിലേക്ക് കയറ്റി വിട്ടേക്കുക'.