സ്മാര്ട്ട് ഫോണ് ഉപയോക്താക്കളില്, 'വാട്ട്സ്ആപ്പ്' ഉപയോഗിക്കാത്തവര് വിരളമായിരിക്കും. ഇതിലെ വ്യത്യസ്ത ഗ്രൂപ്പുകളില് അംഗമായവരും സ്വന്തമായി ഗ്രൂപ്പുകള് കൈകാര്യം ചെയ്യുന്നവരും വര്ദ്ധിച്ചിരിക്കയാണ്. ആ നിലക്ക് ഗ്രൂപ്പുകളിലെ സുഹൃത്തുക്കളെസ്സംബന്ധിച്ച് നല്ല ധാരണ ഉണ്ടാവേണ്ടത് ആവശ്യമായിരിക്കുന്നു. ഗ്രൂപ്പില് തങ്ങളുടെ പെരുമാറ്റവും പതിവു രീതികളുമനുസരിച്ച് അംഗങ്ങളെ വ്യത്യസ്ത വിഭാഗമായി വേര്തിരിക്കാവുന്നതാണ്.
1. ഗ്രൂപ്പില് സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും പോസ്റ്റ് ചെയ്യുകയും ചര്ച്ചകളില് സജീവമായി പങ്കെടുക്കുകയും ചെയ്യുന്നവരാണ് ഒന്നാമത്തെ വിഭാഗം. ഇവരുടെ സാന്നിധ്യമായിരിക്കും പലപ്പോഴും ഗ്രൂപ്പിനെത്തന്നെ ചലിപ്പിക്കുന്നതും സജീവമായി നിലനിറുത്തുന്നതും. മിക്ക ഗ്രൂപ്പുകളിലും ഇത്തരക്കാരുടെ സാന്നിധ്യമുണ്ടാവുമെങ്കിലും ഇവര് എണ്ണത്തില് കുറവായിരിക്കും. ഗ്രൂപ്പില് ഈ വിഭാഗത്തിന്റെ സാന്നിധ്യം അങ്ങേയറ്റം പ്രാധാന്യമര്ഹിക്കുന്നു.
2. മിക്ക പോസ്റ്റുകള്ക്കും ഒരൊറ്റ പദത്തില് തങ്ങളുടെ പ്രതികരണം അറിയിക്കുന്നവര്. OK, Good, Well എന്നൊക്കെയായിരിക്കും പ്രതികരണം. ചിലപ്പോള് ഒരു ക്ലാപ്പ്. അല്ലെങ്കില് അതു പോലുള്ള വേറെ ചിഹ്നങ്ങള് പെറുക്കി വെച്ച് പ്രതികരണം നിറവേറ്റും. ഇവര് ഗ്രൂപ്പിലെ സന്ദേശങ്ങള് മുഴുക്കെ വായിക്കുകയും വീഡിയോ ക്ലിപ്പുകളും ഓഡിയോകളും കാണുന്നവരും കേള്ക്കുന്നവരുമായിരിക്കും. ഗ്രൂപ്പിലെ ചര്ച്ചകളില് ഇവര്ക്ക് പറയത്തക്ക നിലപാടുകളൊന്നുമുണ്ടാവില്ല. ഇതര അംഗങ്ങള്ക്ക് ഇവരുടെ അംഗത്വം കൊണ്ട് പ്രത്യേകിച്ചു ശല്യമോ പ്രയോജനമോ ഇല്ല. നല്ല അനുധാവകള് എന്ന നിലക്ക് ഇവരെ ഗ്രൂപ്പില് നിലനിറുത്തേണ്ടത് ആവശ്യമാണ്.
3. ഗ്രൂപ്പ് അംഗങ്ങളെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ട് ഒട്ടും പ്രയോജനകരമല്ലാത്ത സന്ദേശങ്ങളും വീഡിയോകളും ഓഡിയോകളും തുടരെത്തുടരെ അയക്കുന്നവര്. അഡ്മിനോ ഗ്രൂപ്പ് അംഗങ്ങളോ ഇവര്ക്ക് എത്ര വാണിംഗ് കൊടുത്താലും ഫലമുണ്ടാവാറില്ല. ഗ്രൂപ്പിലെ ഇതര അംഗങ്ങളുടെ സന്ദേശങ്ങള് ഇവര് വായിക്കുകയുമില്ല. തങ്ങള് ഗ്രൂപ്പിലേക്ക് ഫോര്വേഡ് ചെയ്യുന്നതെന്താണെന്ന് പോലും ഇവര് ചിന്തിക്കുന്നുമില്ല. ഇത്തരക്കാരെ അഡ്മിന് ഇടപെട്ട് കഴിയുന്നതും വേഗത്തില് ഗ്രൂപ്പില് നിന്ന് 'റിമൂവ്' ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില് ഇവരുടെ ശല്യം കാരണം ഇതര ഗ്രൂപ്പ് അംഗങ്ങള് സ്വയം ഒഴിഞ്ഞു പോവാന് സാധ്യതണ്ട്.
4. ഇടക്കൊക്കെ ശല്യപ്പെടുത്തുന്ന സന്ദേശങ്ങളും വീഡിയോകളും ഓഡിയോകളും അയക്കുന്നവര്. എന്നാല് അഡ്മിനോ ഗ്രൂപ്പ് അംഗങ്ങളോ ഇടപെട്ട് ഉപദേശിക്കുകയോ മുന്നറിയിപ്പ് നല്കുകയോ ചെയ്താല് ഇവര് തിരുത്താന് തയ്യാറാകും. വലിയ ശല്യമൊന്നുമില്ലെങ്കില് ഇത്തരക്കാരെ ഗ്രൂപ്പില് നിലനിറുത്താവുന്നതാണ്.
5. വാട്ട്സ്ആപ്പില് വ്യക്തിത്വമില്ലാതെ ഒളിഞ്ഞിരിക്കുന്നവരാണ് അഞ്ചാമത്തെ വിഭാഗം. ഇവര് പ്രൊഫൈലില് സ്വന്തം പേര് ചേര്ത്തിട്ടുണ്ടാവില്ല. അജ്ഞതയോ അശ്രദ്ധയോ ആയിരിക്കും കാരണം. സന്ദേശമയക്കുമ്പോള് ഇവരുടെ മൊബൈല് നമ്പര് മാത്രമോ പ്രത്യക്ഷമാകൂ. പേര് കാണില്ല. അതിനാല് ഭൂരിഭാഗം മെമ്പര്മാരെസ്സംബന്ധിച്ചേടത്തോളം ഇവര് അജഞാതരായിരിക്കും. നൂറില് താഴെ മാത്രം അംഗങ്ങളുള്ള ഗ്രൂപ്പില് ഇത് അഭികാമ്യമല്ല. പ്രൊഫൈലില് പേര് ഉള്പ്പെടുത്താന് അഡ്മിന് ഇവരോട് ആവശ്യപ്പെടണം.
6. വാട്ട്സ്ആപ്പ് ലോകത്തെ നിശ്ശബ്ദ വിഭാഗം. ഇവരുടെ സ്റ്റാറ്റസ് ഇതുമാത്രമായിരിക്കും. Hey There! I am using WhatsApp... നിങ്ങള് ഇവരെ ഗ്രൂപ്പില് ചേര്ത്തിട്ടുണ്ടെങ്കിലും പലപ്പോഴും ഇവര് വാട്ട്സ്ആപ്പില് പ്രത്യക്ഷപ്പെട്ടിട്ട് ആഴ്ചകളോ മാസങ്ങളോ ആയിട്ടുണ്ടാവും. ഗ്രൂപ്പില് സജീവമാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മെമ്പര്മാരെ ചേര്ക്കാനുണ്ടെങ്കില് ഇത്തരക്കാരെ 'റിമൂവ്' ചെയ്യുന്നതാണ് നല്ലത്.
7. കൊഴിഞ്ഞ പോകുന്നവര്. ഇടക്ക് കാരണമൊന്നും വെളിപ്പെടുത്താതെ ഗ്രൂപ്പില് നിന്ന് സ്വയം ഒഴിഞ്ഞു പോകുന്നവര്. ഇത്തരം സുഹൃത്തുക്കളുടെ കാര്യത്തില് നിങ്ങള്ക്ക് ഒന്നും ചെയ്യാനില്ല.
ഗ്രൂപ്പുകള് പ്രയോജനപ്രദമാക്കാനും പ്രവര്ത്തനം സജീവമായി നിലനിറുത്താനും ഗ്രൂപ്പിലെ അംഗങ്ങളെ നല്ലപോലെ മനസ്സിലാക്കുക. ഓരോ വിഭാഗത്തോടും അനുവര്ത്തിക്കേണ്ട നിലപാടും അറിഞ്ഞിരിക്കുക.