2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ബുദ്ധിയുള്ള സെര്‍ച്ച് എഞ്ചിന്‍(ഇന്‍ഫോ മാധ്യമം 06 ജൂലൈ, 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)


ഇന്റര്‍നെറ്റിലെ നിലവിലെ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മൈക്രോസോഫ്റ്റിന്റെ പുതിയ സെര്‍ച്ച് എഞ്ചിനായ ബിംഗ് (bing.com) കടന്നുവരുന്നത്. ഉപയോക്താവ് ഉദ്ദേശിക്കുന്നതും ആവശ്യപ്പെടുന്നതും മനസ്സിലാക്കി അതനുസരിച്ചുള്ള റിസള്‍ട്ട് നല്‍കാന്‍ ഇതിന് പ്രാപ്തിയുണ്ടെന്നാണ് കമ്പനി പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ Study, Bangalore എന്നിങ്ങനെ അലക്ഷ്യമായി രണ്ട് കീവേര്‍ഡ് നല്‍കിയെന്നിരിക്കട്ടെ. ഇതിലൂടെ നിങ്ങള്‍ ബാഗ്ലൂരില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലാക്കി അവിടുത്തെ കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെയും ലീസ്റ്റ് നിങ്ങള്‍ക്ക് ബിംഗ് നല്‍കുന്നു. ഇതിനോട് Management എന്ന് കൂട്ടിച്ചേര്‍ത്താല്‍ മാനേജ്മെന്റ് രംഗത്തെ പഠനത്തിന് സഹായകമായ ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ലഭിക്കുന്നു. ഈ രീതിയില്‍ Ayurveda treatment kerala എന്ന് നല്‍കിയാല്‍ നിങ്ങള്‍ കേരളത്തിലേക്ക് ആയുര്‍വേദ ചികില്‍സക്ക് പോകാനാഗ്രഹിക്കുന്ന രോഗിയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച സ്ഥലങ്ങളും ആയുര്‍വേദ ചികില്‍സാ സൌകര്യങ്ങളും നിങ്ങളുടെ മുമ്പിലവതരിപ്പിക്കുന്നു. ഇതൊക്കെ കൃത്യമായി ലഭിക്കുമെന്ന് ഇതിനര്‍ഥമില്ല. ഏറെക്കുറെ ഈ രീതിയിലായിരിക്കും പുതിയ സെര്‍ച്ച് എഞ്ചിന്‍ അതിന്റെ റിസള്‍ട്ടുകള്‍ നല്‍കുന്നതത്രെ.

കീ വേര്‍ഡായി ഏതെങ്കിലും പദം നല്‍കി സെര്‍ച്ച് സെയ്യുമ്പോള്‍ ആ പദവും അതിന്റെ നാനാര്‍ഥങ്ങളും സമാന പദങ്ങളുമെല്ലാം അടിസ്ഥാനമാക്കിയുള്ള അതിവിപുലവുമായൊരു റിസള്‍ട്ടാണ് സാധാരണ ഗതിയില്‍ സെര്‍ച്ച് എഞ്ചിനുകളിലൂടെ ലഭിക്കുക. ആവശ്യത്തിലധികമുള്ള വിവരങ്ങളുടെ ഒരു വന്‍ ശേഖരമായിരിക്കും ഇതിലൂടെ ലഭ്യമാവുക എന്നതാണ് ഇതിന്റെ ന്യൂനത. അതിനാല്‍ തന്നെ ഇത്തരം സെര്‍ച്ച് പ്രക്രിയയിലൂടെ പലപ്പോഴും ഉപയോക്താവിന് തന്റെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിച്ചെന്ന് വരില്ല. ഇതിന് പകരമായി കീ വേര്‍ഡായി നല്‍കിയ പദത്തിലൂടെ ഉപയോക്താവ് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് കണ്ടെത്തി അതനുസരിച്ചുള്ള റിസള്‍ട്ട് നല്‍കുന്ന രീതിയാണ് ബിംഗ് സ്വീകരിച്ചിരിക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പദങ്ങളും വാചകങ്ങളും മനസ്സിലാക്കാനുതകുന്ന അത്യാധുനിക ഭാഷാ സാങ്കേതിക വിദ്യ ഇതുള്‍ക്കൊള്ളുന്നുവെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. സെര്‍ച്ച് എഞ്ചിന്‍ എന്നതിന് പകരം 'ഡിസിഷന്‍ എഞ്ചിന്‍' എന്നാണ് കമ്പനി ഇതിനെ പരിചയപ്പെടുത്തുന്നത്. നിലവില്‍ ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഗൂഗിള്‍, യാഹൂ തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളോട് മല്‍സരിക്കുക എന്നതും ബിംഗിന്റെ ലക്ഷ്യമാണ്. അമേരിക്കയില്‍ മാത്രം ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്ത് ഗൂഗിളിന്റെ വിഹിതം 64 ശതമാനവും യാഹൂവിന്റെത് 20 ശതമാനവുമാണ്. മൈക്രോസോഫ്റ്റിന്റെ വിഹിതം വെറും 8.2 ശതമാനം മാത്രമാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമെന്ന നിലക്കും ബിംഗിനെ കാണുന്നവരുണ്ട്.

സെര്‍ച്ച് റിസള്‍ട്ടുകളെ ഉപയോക്താവിന്റെ ഉദ്ദേശ്യങ്ങളുമായി പരമാവധി അടുപ്പിക്കുന്നു, ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ആവശ്യത്തിന് മാത്രം നല്‍കുന്നു, കൂടുതല്‍ പദങ്ങള്‍ സെര്‍ച്ച് ബോക്സില്‍ നല്‍കുമ്പോള്‍ ഉദ്ദേശ്യവുമായി കൂടുതലടുപ്പിക്കുന്നു എന്നിവയൊക്കെ ബിംഗിന്റെ സവിശേഷതകളാണ്. 'ബിംഗ്' എന്ന പദം മണിമുഴക്കത്തെ സൂചിപ്പിക്കുന്നു. സമയം അറിയിക്കാനുള്ള മണിമുഴക്കം. ഉപയോക്താവ് ആവശ്യപ്പെടുന്നതെന്തെന്ന് മനസ്സിലാക്കി അതനുസരിച്ചുള്ള റിസള്‍ട്ട് കണ്ടെത്തി അറിയിക്കുന്നുവെന്നും ഈ പദത്തില്‍ സൂചനയുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

സെര്‍ച്ച് റിസള്‍ട്ട് പ്രത്യക്ഷമാക്കുന്ന രീതിയിലും പുതുമകളുണ്ട്. നേരത്തെ മൈക്രോസോഫ്റ്റ് വാങ്ങി സ്വന്തമാക്കിയ 'പവര്‍സെറ്റ് ' എന്ന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്. അതേസമയം ഷോപ്പിംഗ് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഈ സെര്‍ച്ച് എഞ്ചിന്‍ ഇനിയും ഒട്ടേറെ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. MSN Search-ലൂടെ തുടങ്ങി Windows Live Search-ലൂടെ വളര്‍ന്ന് Live Search-ലെത്തി നില്‍ക്കുന്ന മൈക്രോസോഫ്റ്റ് പുതുതായി പരിചയപ്പെടുത്തുന്ന നാലാമത്തെ സെര്‍ച്ച് നാമമാണ് Bing. നെറ്റ് ഉപയോക്താക്കള്‍ ഇതിനെ എങ്ങനെ വരവേല്‍ക്കുമെന്ന് കാത്തിരുന്നു കാണാം.
*****

2009, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ബ്ളോഗ് - ആശയ വിനിമയരംഗത്തെ അനന്ത സാധ്യതകള്‍'പ്രിയ സഹോദരന്.. ഈ ബ്ളോഗ് കണ്ടതിന് ശേഷം എനിക്ക് താങ്കളെ അങ്ങനെ വിളിക്കുവാനാണ് തോന്നുന്നത്. ഒരുപാട് അന്വേഷിച്ച് നടന്നിട്ടും ലഭിക്കാതിരുന്ന ഒരു അമൂല്യ നിധിയാണ് താങ്കള്‍ ഈ ബ്ളോഗില്‍ കുറിച്ചിട്ടിരിക്കുന്നത്. ഇതിന് മുമ്പ് വിശുദ്ധ ഖുര്‍ആന്റെ ചില ഇംഗ്ളീഷ് പരിഭാഷകളും, ഭാഗികവും വളരെ പരിമിതവുമായ ചില മലയാളം വ്യാഖ്യാനങ്ങളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. സമ്പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമാണെന്നറിയാമെങ്കിലും ശ്രമിച്ചിട്ടു കിട്ടിയിട്ടില്ല. എന്തായാലും ഞാനിത് കോപ്പി ചെയ്തു സൂക്ഷിച്ചിരിക്കുന്നു. താങ്കളുടെ അനുമതിയുണ്ടെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റിലാക്കി താല്‍പര്യപ്പെടുന്നവര്‍ക്ക് ഇത് ഇ-മെയില്‍ വഴി അയച്ചു നല്‍കുവാനും ആഗ്രഹിക്കുന്നു.

പലര്‍ക്കും ചെറുതെന്ന് തോന്നിയേക്കാവുന്ന ഈ കാര്യം താങ്കളുടെ ജീവിതത്തിലെ തന്നെ വലിയൊരു പുണ്യ വൃത്തിയാണെന്ന് പറയാതെ വയ്യ. അവന്റെ നാമം വാഴ്ത്തുന്നവര്‍, അവന്റെ തത്വം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍, അവനെന്ന സത്യം സത്യമെന്നറിയുകയും അവന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവരത്രേ അവന് എക്കാലവും പ്രിയമുള്ളവര്‍. ആരെല്ലാം അവനെ അവഗണിച്ചാലും പരമോന്നതനായ ആ ദൈവം അവനെ ആകാശത്തോളം ഉയര്‍ത്തുക തന്നെ ചെയ്യും. വിശുദ്ധ ബൈബിളിലും വിശുദ്ധ ഖൂര്‍ആനിലും ശ്രീമദ് ഭഗവത് ഗീതയടക്കമുള്ള ഹൈന്ദവ ഗ്രന്ഥങ്ങളിലും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സുവ്യക്തമായി നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും. എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യമായ ആ സാക്ഷാത്ക്കാരത്തിനായത്രേ നാമേവരും ജീവിക്കുന്നതു തന്നെ.

നിത്യ ജീവിതത്തിന്റെ തിരക്കിനിടയിലും ഇങ്ങനെ ഒരു മഹാപുണ്യപ്രവൃത്തി ചെയ്യാന്‍ തോന്നിയ താങ്കളിലെ വിശ്വാസത്തെയും സമര്‍പ്പണത്തെയും ഹൃദയ പൂര്‍വം നമിക്കുന്നു. ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അധികം വില കൊടുക്കേണ്ടതില്ലെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. (വിമര്‍ശിക്കുന്നവരുടെ ഉദ്ദേശ ശുദ്ധി കൂടി പരിഗണിക്കണമല്ലോ - മറ്റാര്‍ക്കും ഇങ്ങനെയൊന്ന് ചെയ്യാന്‍ തോന്നിയുമില്ലല്ലോ). ഇവിടെ താങ്കളെ വിമര്‍ശിക്കാന്‍ പരമകാരുണികനായ അല്ലാഹുവിന് മാത്രമാണധികാരം എന്നെന്റെ മനസ്സ് പറയുന്നു... അതങ്ങനെ തന്നെയാവട്ടെ. ഹൃദയപൂര്‍വം' - ജയകൃഷ്ണന്‍ കാവാലം.

ഖത്തറില്‍ ജോലി ചെയ്യുന്ന ചാവക്കാട് സ്വദേശി മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ 'ഖുര്‍ആന്‍ മലയാള പരിഭാഷ' എന്ന ബ്ളോഗില്‍ കൊടുത്ത വിശുദ്ധ ഖൂര്‍ആനിലെ 'അന്നിസാ' അധ്യായത്തിന്റെ മലയാളം പരിഭാഷ വായിച്ച ജയകൃഷ്ണന്‍ അതേ ബ്ളോഗില്‍ തന്നെ നല്‍കിയ ഒരു കമന്റാണിത്.

'ജയ കൃഷ്ണന്, താങ്കളുടെ കമന്റ് വായിച്ചു. വളരെയേറെ സന്തോഷം. തീര്‍ച്ചയായും ഞാന്‍ അനുമതി തരുന്നു. താങ്കളുടെ ഇത്തരമൊരു ചിന്തക്ക് എത്ര തന്നെ പ്രശംസിച്ചാലും ഒന്നും ആവില്ല എന്നറിയാം. ഞാന്‍ ഒരു പുണ്യ പ്രവര്‍ത്തനം ചെയ്തുവെങ്കില്‍ താങ്കള്‍ ചെയ്യുവാന്‍ പോകുന്നത് അതിലേറെയാണ്'. ബ്ളോഗിലൂടെ മുഹമ്മദ് സഗീറിന്റെ മറുപടി. രണ്ട് പേരും പരസപരം പരിചയമില്ലാത്തവര്‍. അവര്‍ ബന്ധപ്പെടുന്നത് ബ്ളോഗിലൂടെ മാത്രം. ഒരുപാട് അന്വേഷിച്ചു നടന്നിട്ടും ലഭിക്കാതിരുന്ന വിശുദ്ധ ഖുര്‍ആനിലെ ആ 'അമൂല്യ നിധി'യാണ് ജയകൃഷ്ണനെയും മുഹമ്മദ് സഗീറിനെയും പരസ്പരം ബന്ധിപ്പിച്ചത്. http://khuran.blogspot.com എന്ന ബ്ളോഗിലൂടെ അവരുടെ ഈ സൌഹൃദം വളരുകയാണ്.

പൂനെയില്‍ ജോലി ചെയ്യുന്ന പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ ഷിജു അലക്സ് തന്റെ 'അന്വേഷണം' എന്ന ബ്ളോഗില്‍ (http://shijualex.blogspot.com) 'വിശ്ദ്ധ ഖുര്‍ആനും മലയാളം വിക്കിഗ്രന്ഥശാലയില്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ. 'വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഖുര്‍ആന്റെ മലയാളം പരിഭാഷയും മലയാളം വിക്കി ഗ്രന്ഥശാലയിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്റെ മലയാള പരിഭാഷ വിക്കിയില്‍ ചേര്‍ക്കുവാന്‍ ആവശ്യമായ വിധത്തില്‍ 'ഖുര്‍ആന്‍ മലയാളം' (www.quranmalayalam.com) എന്ന സൈറ്റിലെ ഡാറ്റാബെയ്സ് ഷെയര്‍ ചെയ്യുകയും ഇതു ആവശ്യമായ എല്ലാ അനുമതിയും സഹായങ്ങളും ചെയ്തു തന്ന ഖുര്‍ആന്‍ മലയാളം സൈറ്റിന്റെ വെബ് മാസ്റ്റര്‍ ശ്രീ. ഹിശാം കോയ അവര്‍കളോട് ഉള്ള പ്രത്യേക നന്ദി ഇത്തരുണത്തില്‍ രേഖപ്പെടുത്തട്ടെ. കണ്ടന്റ് വിക്കിയിലിടുന്നതിന് വിക്കിയിലെ ഒരു ഉപയോക്താവായ ശ്രീ. അനൂപനും സഹകരിച്ചു. അദ്ദേഹത്തിനും നന്ദി. നെറ്റില്‍ നിന്നുള്ള കണ്ടന്റ് വിക്കി ഫോര്‍മാറ്റിലേക്ക് കെണ്ടുവരുന്നതിന് ഞങ്ങള്‍ക്ക് സഹായകമായ രീതിയില്‍ ഒരു എക്സ്ല്‍ മാക്രോ എഴുതി തന്ന പ്രമുഖ ബ്ളോഗറായ ശ്രീ. തമനുവിനോടുള്ള പ്രത്യേക നന്ദി അറിയിക്കട്ടെ. അത് ഇല്ലായിരുന്നെങ്കില്‍ ഈ അടുത്തൊന്നും ഖുര്‍ആന്റെ വിക്കിവല്‍ക്കരണം പൂര്‍ത്തിയാവുമായിരുന്നില്ല. ഖുര്‍ആന്റെ ആദ്യത്തെ അധ്യായത്തിലേക്കുള്ള ലിങ്ക് ഇവിടെ. (http://ml.wikisource.org/wiki/Holy_Quran/Chapter_1) ഈ താളില്‍ എത്തിപ്പെട്ടാല്‍ പിന്നെ ഖുര്‍ആന്റെ ഏത് അധ്യായത്തിലേക്ക് പോകാനും എളുപ്പമാണ്. അതിന് സഹായകമായ രീതിയില്‍ ഓരോ അധ്യായത്തിലും നിരവധി നാവിഗേഷന്‍ ടെംബ്ളറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ നാവിഗേഷന്‍ ടെംബ്ളറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് കുറെ സമയം ചിലവായത്...'

നെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ ഭാഗമായ 'മലയാളം വിക്കി ഗ്രന്ഥശാലാ' സംരംഭത്തിലൂടെ പരസ്പരം ബന്ധപ്പെട്ട ഷിജു അലക്സും ഹിശാം കോയയും അനൂപനും തമനുവും വിശുദ്ധ ഖുര്‍ആന്റെ മലയാളം പതിപ്പ് നെറ്റില്‍ ലഭ്യമാക്കിയതിന് നടത്തിയ ശ്രമങ്ങളാണ് ഷിജു അലക്സ് തന്റെ ബ്ളോഗിലൂടെ വിവരിക്കുന്നത്.

ഇതാണ് ബ്ളോഗിന്റെയും ബ്ളോഗര്‍മാരുടെയും ലോകം. ആ വിശാല മനസ്കതയും സഹകരണ മനോഭാവവും മാതൃകാപരമായരിക്കുന്നു. ബ്ളോഗ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'വെബ് ലോഗു'കള്‍ സ്വതന്ത്ര ആശയവിനിമയോപാധി എന്ന നിലക്ക് ഇതിനകം നെറ്റിലെ സജീവ സാന്നിധ്യമായിരിക്കയാണ്. മലയാളികള്‍ക്കിടയിലും ബ്ളോഗ് ഹരമായി മാറിയിരിക്കുന്നു. ഗള്‍ഫുകാരുള്‍പ്പെടെയുള്ള വിദേശ മലയാളികളാണ് ഇതിന്റെ ഉപയോഗത്തില്‍ മുന്‍പന്തിയിലുള്ളത്. പതിനായിരത്തോളം ബ്ളോഗുകള്‍ ഇതിനകം മലയാള ഭാഷയില്‍ നിലവില്‍ വന്നുവെന്നാണ് കണക്ക്. മലയാള ഭാഷക്ക് ഏകീകൃത യൂണികോഡ് നിലവില്‍ വന്നതാണ് മലായള ഭാഷയിലും ഇങ്ങനെയൊരു കുതിപ്പുണ്ടാകാന്‍ കാരണം. ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍നെറ്റിലൂടെ അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ കമ്പ്യൂട്ടര്‍ കമ്പനികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കണ്‍സോര്‍ഷ്യമാണ് മലയാളം യൂണികോഡിനും രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ അതിന് വലിയ പ്രോല്‍സാഹനം നല്‍കുകയും ചെയ്തു. വിവിധ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി മലയാളത്തില്‍ തിരച്ചില്‍ നടത്താന്‍ ഇതോടെ സാധ്യമായിരിക്കുന്നു. മലയാള ദിനപത്രങ്ങളും വാരികകളും ഇതര പ്രസിദ്ധീകരണങ്ങളുമൊക്കെ യൂണികോഡിലേക്ക് കൂടുമാറുന്ന തിരിക്കിലാണിപ്പോള്‍. മലയാളം വെബ്സൈറ്റുകളും ഈ രീതിയില്‍ യൂണികോഡിലേക്ക് പറച്ചുനടാന്‍ സമീപ ഭാവിയില്‍ ബന്ധപ്പെട്ടവര്‍ നിര്‍ബ്ബന്ധിതരാവും.

ആശയവിനിമയത്തിനായി വെബ്ബില്‍ സൂക്ഷിക്കുന്ന അറിവിന്റെ ശകലങ്ങളാണ് ബ്ളോഗുകളെന്ന് പറയാം. വ്യക്തികളുടെ ചിന്തകളും ആശയങ്ങളും പങ്കുവെക്കുന്ന ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകളെന്നും ഇതിനെ വിശേഷിപ്പിക്കാം. ആര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ് ബ്ളോഗ് നിര്‍മ്മാണവും അതിന്റെ പരിപാലനവും. വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം കമ്പ്യൂട്ടര്‍ വിദഗ്ധര്‍ 1997-ല്‍ വ്യക്തിഗത ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ഈ നവീന രീതിക്ക് തുടക്കമിട്ടു. സ്വന്തമായി ബ്ളോഗ് കൈകാര്യം ചെയ്യുന്നവര്‍ക്ക് 'ബ്ളോഗര്‍' എന്ന് പറയുന്നു. ബ്ളോഗില്‍ വിവരങ്ങള്‍ ചേര്‍ത്ത് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് ബ്ളോഗിംഗ്. 'ബൂലോക'മെന്നാണ് ബ്ളോഗിന്റെ മലയാളം ഭാഷ്യം. ബ്ളോഗ് ചെയ്യുന്നവരെ 'ബ്ളോഗന്‍', 'ബ്ളോഗിനി' എന്നിങ്ങനെ ലിംഗവിഭജനം നടത്തുകയും ചെയ്യാം. ഒരാള്‍ക്ക് എത്ര ബ്ളോഗുകള്‍ വേണമെങ്കിലും നിര്‍മ്മിച്ച് പരിപാലനം ചെയ്യാവുന്നതാണ്. ഇത്തരം ബ്ളോഗുകളില്‍ ചിലതെങ്കിലും പൂര്‍ണമായും വ്യക്തികളെ പ്രതിനിധാനം ചെയ്യുന്നവയായിരിക്കും. അതേസമയം വ്യക്തികള്‍ക്ക് അഞ്ജാതരായി വര്‍ത്തിക്കാനുള്ള ഇത്രയും വലിയ സൌകര്യം ഇന്റര്‍നെറ്റൊരുക്കുന്ന ഈ സൈബര്‍ ലോകത്ത് മാത്രമേ ലഭിക്കൂ.

വെബ്സൈറ്റ് നിര്‍മ്മാണത്തെപ്പോലെ ബ്ളോഗ് നിര്‍മ്മാണത്തിന് സാങ്കേതിക പരിജ്ഞാനം ഒട്ടും ആവശ്യമില്ല. സാമ്പത്തിക ചിലവും ഇല്ല. ഇ-മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കുന്ന അതേ എളുപ്പത്തില്‍ ബ്ളോഗ് പേജും നിര്‍മ്മിക്കാന്‍ സാധിക്കും. blogger.com, wordpress.com, blogsome.com, blogg.co.uk, digg.com, rediff.com, indiatimes.com, 360.yahoo.com, livejournal.comതുടങ്ങിയ ഒട്ടേറെ സൈറ്റുകള്‍ ഈ സേവനം സൌജന്യമായി നല്‍കിവരുന്നു. വെബ്സൈറ്റുകള്‍ ബ്ളോഗുകളാക്കി പേഴ്സണലൈസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ കൂടുകയും അതുവഴി ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിന്റെ ചില നേട്ടങ്ങള്‍ 'ബ്ളോഗ് പേജുകള്‍' സൂക്ഷിക്കുന്ന സൈറ്റുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നതുകൊണ്ടാണ് ഗൂഗിള്‍ തുടങ്ങിയ വമ്പ•ാര്‍ ബ്ളോഗുകള്‍ ചെയ്യാനുള്ള സൌകര്യം സൌജന്യമായി ലഭ്യമാക്കുന്നത്. പ്രതികരണങ്ങളയക്കാന്‍ അവസരം നല്‍കുന്നതിലൂടെ വായനക്കാര്‍ക്കും സജീവപങ്കാളിത്തം നല്‍കുന്നുവെന്നതാണ് മറ്റ് വെബ് പേജുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. എഴുത്തുകാര്‍ക്ക് ഏത് വിഷയത്തെക്കുറിച്ചും എപ്പോള്‍ വേണമെങ്കിലും എഴുതി പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നുവെന്നത് ഇവയുടെ മറ്റൊരു സവിശേഷതയാണ്. വിവിധ ബ്ളോഗുകളിലെയും വെബ്പേജുകളിലെയും വാര്‍ത്തകള്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഒന്നിച്ച് കാണിക്കുന്ന സോഫ്റ്റ്വെയര്‍ സംവിധാനമാണ് അഗ്രിഗേറ്ററുകള്‍. തനിമലയാളം (www.thanimalayalam.org),ചിന്ത (www.chintha.com/malayalam/blogroll.php), ബ്ളോഗ് ലോകം (bloglokam.org), മോബ്ചാനല്‍ (www.mobchannel.org) സ്മാര്‍ട്ട് നീഡ്സ് (www.smartneeds.net) തുടങ്ങിയവ ഇത്തരം അഗ്രിഗേറ്ററുകറുകളാണ്.

മലയാള ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ബ്ളോഗിന് വന്‍പ്രാധാന്യമാണ് നല്‍കുന്നത്. ബ്ളോഗിലെ പോസ്റ്റുകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാനും ചില മാധ്യമങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. മലയാളത്തിലെ ബ്ളോഗ് പോസ്റ്റുകള്‍ പുസ്തക രൂപത്തിലും ഇതിനകം പ്രസിദ്ധീകരിച്ചു.

1997 മുതല്‍ ബ്ളോഗിംഗ് തുടങ്ങിയെങ്കിലും 2002-2004 കാലത്താണ് അത് വ്യാപകമായത്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2005-ല്‍ ബ്ളോഗുകളെസ്സംബന്ധിച്ച് നടത്തിയ പഠനത്തിലെ വിവരങ്ങളനുസരിച്ച് പുരുഷന്‍മാരെക്കാള്‍ സ്ത്രീകളാണ് ഈ രംഗത്തുള്ളത്. ഇറാഖ് യുദ്ധം, സെപ്റ്റംബര്‍ പതിനൊന്ന് സംഭവങ്ങള്‍ ഇതിന് ആക്കംകൂട്ടിയെന്നതും ശ്രദ്ധേയമാണ്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രവേശന നിയന്ത്രണമുണ്ടായിരുന്ന ഇറാഖ് യുദ്ധത്തില്‍ ബ്ളോഗുകളാണ് വാര്‍ത്തയുടെ പ്രധാന ഉറവിടമായത്. Riverbendblog.blogspot.com വെബ്സൈറ്റില്‍ ഇറാഖ് യുവതി തയ്യാറാക്കിയ Baghdad Burning എന്ന ബ്ളോഗിലൂടെ പരമ്പരാഗത മാധ്യമങ്ങള്‍ പകരാത്ത ഒട്ടേറെ വിവരങ്ങളാണ് പുറത്തുവന്നത്. ഇത്തരം സാധ്യതകള്‍കൊണ്ടുതന്നെ പലപ്പോഴും ഇതര മാധ്യമങ്ങള്‍ ബ്ളോഗുകളില്‍ നിന്ന് വാര്‍ത്തകള്‍ ഉദ്ധരിക്കാറുണ്ട്. ബ്ളോഗര്‍മാരിലധികും 23-25 പ്രായക്കാരാണത്രെ. 2004 നവമ്പറിലെ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പോടെ ബ്ളോഗുകളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തവണ അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലേക്കുള്ള മല്‍സരത്തില്‍ ഒബാമെയെ തുണക്കുന്നതില്‍ ബ്ളോഗുകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് വാര്‍ത്ത.
ഡിജിറ്റല്‍ കാമറകളുടെയും കാമറ ഘടിപ്പിച്ച മൊബൈല്‍ ഫോണുകളുടെയും പ്രചാരത്തോടെ ബ്ളോഗിന്റെ സാധ്യത ഗണ്യമാംവിധം വര്‍ദ്ധിച്ചിരിക്കയാണ്. ബ്ളോഗുകള്‍ക്കായി സെര്‍ച്ച് എഞ്ചിനുകളും നിലവില്‍ വന്നിരിക്കുന്നു. blogsearchengine.com എന്ന വെബ്സൈറ്റ് വിവിധ വിഭാഗങ്ങളിലെ പ്രമുഖ ബ്ളോഗുകള്‍ കാണാനും സെര്‍ച്ച് ചെയ്യാനും അവസരമൊരുക്കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ബ്ളേഗിംഗിന് സര്‍ക്കാര്‍ അംഗീകാരമുണ്ട്. അവനവന്റെ വ്യക്തിത്വം വെളിപ്പെടുത്താതെയും ബ്ളോഗ് ചെയ്യാന്‍ നിയമ പരിരക്ഷ നല്‍കുന്നു. ബ്ളോഗര്‍ക്ക് ഇതര മാധ്യമ പ്രവര്‍ത്തകരെപ്പോലെത്തന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കാനുള്ള അവകാശവും നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ ബ്ളോഗര്‍മാര്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ സന്തോഷത്തോടെയാണ് നേരത്തെ ഈ മേഖല സ്വീകരിച്ചത്. ഈസമയത്ത് മലയാളത്തില്‍ കാര്യമായ ഒരു 'ബൂലോക' കൂട്ടായ്മ നിലവിലില്ലായിരുന്നു.

ഇപ്പോള്‍ മലയാളം ബൂലോകം അത്യന്തം സജീവമായിരിക്കയാണ്. ആശയവിനിമയ ലോകത്ത് വലിയൊരു കുതിച്ചു ചാട്ടമാണിത്. കൊച്ചുകുട്ടികള്‍ക്കു വരെ തങ്ങളുടെ പ്രബന്ധങ്ങളും കഥകളും കവിതകളും ചിത്രങ്ങളുമൊക്കെ അതിവിശാലമായ ഇതിന്റെ ലോകത്ത് പ്രസിദ്ധീകരിക്കാനുള്ള സൌകര്യമൊരുങ്ങിയിരിക്കയാണ്. കുറുമാനും അവറാന്‍ കുട്ടിയും അനോണി ആന്റണിയും ഇടിവാളും ഭൂമിപുത്രിയും കാന്താരിക്കുട്ടിയും ഇഞ്ചിപ്പെണ്ണും പോക്കിരി വാസുവും പച്ചാളവും പോളച്ചനും പടൂസും വാവക്കാടനുമൊക്കെ മലയാളം ബൂലോകത്ത് മുന്നേറുകയാണ്. അത്യന്തം രസകരമായൊരു ലോകം തന്നെയാണത്. ബ്ളോഗ് അടുത്ത് പരിചയപ്പെട്ടാല്‍ പിന്നെ നിങ്ങളതില്‍ നിന്ന് പിന്‍മാറുന്നു പ്രശ്നമില്ല. രസകരമെന്ന് മാത്രമല്ല പഠനാര്‍ഹമായ ആയിരക്കണക്കിന് കുറിപ്പുകള്‍ക്കൊപ്പം ഗവേഷണ പ്രബന്ധങ്ങള്‍ വരെ നിങ്ങള്‍ക്കവിടെ ലഭിക്കും. ചൂടുള്ള വാര്‍ത്തകള്‍ക്കൊപ്പം ലോകത്തെങ്ങുമുള്ള മലയാളികളുടെ പ്രതികരണങ്ങളും ഒന്നിച്ചു ലഭിക്കുന്നു.

ബ്ളോഗര്‍മാര്‍ക്ക് അവരവരുടെ ആശയങ്ങളുണ്ട്. വ്യത്യസ്ത ചിന്താഗതിക്കാര്‍. വിവിധ രാഷ്ട്രീയ കക്ഷികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിവിധ മതവിഭാഗക്കാര്‍. മതമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ്് 'ബൂലോക'മെന്ന ഈ വിശാല പ്രപഞ്ചം. പാഠപുസ്തക വിവാദവും ആണവക്കരാറുമൊക്കെ ബ്ളോഗിലും പ്രതിഫലിക്കുന്നു. അതേസമയം ഹൃദയ വിശാലതയിലും പരസ്പര ബഹുമാനത്തിലും ബ്ളോഗര്‍മാര്‍ മാതൃകയാവുകയാണ്. ബ്ളോഗിലൂടെ അവര്‍ പരസ്പരം ഹൃദയം തുറക്കുന്നു. തങ്ങളുടെ ബ്ളോഗില്‍ മറ്റുള്ളവര്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും വളരെ മാന്യമായിട്ടാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. ഏത്രീതിയിലെ സംവാദങ്ങള്‍ക്കും അവര്‍ ചെവികൊടുക്കുന്നു. എല്ലാ ആശയങ്ങളും തുറന്ന മനസ്സോടെ അവര്‍ കേള്‍ക്കുന്നു. ബ്ളോഗ് പേജുകള്‍ പതിവായി സന്ദര്‍ശിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടാതിരിക്കില്ല.

മലയാളത്തില്‍ എങ്ങനെ ബ്ളോഗ് നിര്‍മ്മിക്കാമെന്ന് നിങ്ങളെ പഠിപ്പിക്കുന്ന വലിയൊരു കൂട്ടം ബ്ളോഗുകള്‍ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബ്ളോഗ് നിര്‍മ്മാണത്തിന്റെ ആദ്യാക്ഷരി മുതല്‍ അതിന്റെ സങ്കീര്‍ണതകളിലേക്ക് വരെ വെളിച്ചം പകരുന്നവയാണിവ. കമ്പ്യൂട്ടറില്‍ മലയാളം ലിപി പ്രത്യക്ഷമാക്കല്‍, മലയാളം യൂണികോഡ് ഉപയോഗം, മലയാളം ടൈപിംഗ്, മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യല്‍, ബ്ളോഗ് പേജുകളുടെ ക്രമികരണം, ഫോട്ടോ, പ്രസന്റേഷന്‍ പ്രോഗ്രാമുകള്‍, വീഡിയോ ക്ളിപ്പുകള്‍ തുടങ്ങിയവ ബ്ളോഗിലേക്ക് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ബ്ളോഗുകള്‍ വിശദീകരിക്കുന്നു. മലയാളത്തില്‍ ബ്ളോഗ് കൂടുതല്‍ ജനപ്രിയമാക്കാനായി കേരളാ ബ്ളോഗ് അക്കാദമി പോലുള്ള ബ്ളോഗര്‍മാരുടെ കൂട്ടായ്മകളും രംഗത്തുണ്ട്.

ബ്ളോഗ് ഹെല്‍പ്ലൈന്‍ (http://bloghelpline.blogspot.com), ഇപത്രം (epathram.com/home/boologam), കേരള ബ്ളോഗ് അക്കാദമി (keralablogacademy.blogspot.com), എങ്ങനെ മലയാളം ബ്ളോഗ് തുടങ്ങാം (howtostartamalayalamblog.blogspot.com), നിങ്ങള്‍ക്കായി (ningalkkai.blogspot.com), ബ്ളോഗ് സഹായി (blogsahayi.blogspot.com) തുടങ്ങിയ ഒട്ടേറെ ബ്ളോഗ് സൈറ്റുകളാണ് ഈ രീതിയില്‍ രംഗത്തെത്തിയിരിക്കുന്നത്.

ചുരുക്കത്തില്‍ ആശയ വിനിമയ ലോകത്ത് അതിവിശാലമായൊരു ഭൂമികയാണ് ബ്ളോഗിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ മാധ്യമമായി ബ്ളോഗ് വളരുകയാണ്. അതിരുകളും പരിധികളുമില്ലാത്ത വ്യക്തി ബന്ധങ്ങളുടെ അതിവിശാല ലോകം. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഇത് വന്‍തോതില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
*****


2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഇനി സഹചാരിയായി സ്മാര്‍ട്ട്ഫോണുകള്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2006 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ വ്യാപനം പോയ വര്‍ഷം സംസ്ഥാന ഐ.ടി. മേഖലയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു. ഈ രംഗത്തുണ്ടായ വിലക്കുറവായിരുന്നു മുഖ്യ ഘടകം. മുപ്പതിനായിരം രൂപക്ക് താഴെ നോട്ട്ബുക്ക് കമ്പ്യൂട്ടര്‍ ലഭ്യമായിത്തുടങ്ങിയതോടെ സാധാരക്കാര്‍ക്ക്പോലും അത് പ്രാപ്യമായി. നമ്മുടെ മൊബൈല്‍ കമ്പ്യൂട്ടിംഗ് രംഗം സജീവമായിരിക്കയാണ്. അത്രതന്നെ വേഗത കൈവരിക്കാനായിട്ടില്ലെങ്കിലും ക്രമേണ വ്യാപകമായി വരുന്ന മറ്റൊരു മേഖലയാണ് സ്മാര്‍ട്ട്ഫോണ്‍. മൊബൈല്‍ ഫോണില്‍ പി.ഡി.എ (പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്) സൌകര്യം കൂടി ലഭ്യമാക്കിക്കൊണ്ടാണ് സ്മാര്‍ട്ട് ഫോണുകളുടെ വരവ്. അതോടെ ഹാന്‍ഡ്ഹെല്‍ഡ് പി.സി, പാം ടോപ് കമ്പ്യൂട്ടര്‍ എന്നീ ഇനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കയാണ്. അത്തരം ഉപകരണങ്ങള്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകളായി രൂപം പ്രാപിച്ചുവെന്നതാണവസ്ഥ. പേഴ്സണല്‍ ഡയറി, ടാസ്ക് മാനേജ്മെന്റ്, പരിധിയില്ലാത്ത അഡ്രസ് ബുക്ക് എന്നിവക്ക് പുറമെ വേര്‍ഡ്, എക്െസല്‍, പവര്‍പോയിന്റ് ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധാരണ സ്മാര്‍ട്ട് ഫോണില്‍ സൌകര്യമുണ്ട്. കൂടെ വീഡിയോ ക്യാമറയും എം.പി.3 പ്ളേയറും കൂടിയായല്‍ യുവാക്കളെയും ആകര്‍ഷിക്കുകയായി. ഇതൊരു റിമോട്ട് കണ്‍ട്രോളായും ഇ-ബുക്ക് റീഡറായും പ്രയോജനപ്പെടുത്താനായാല്‍ കൂടുതല്‍ സൌകര്യമായി. ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെററ് സര്‍ഫിംഗിനായി വെബ്ബ്രൌസറും ഇ-മെയില്‍ പ്രോഗ്രാമും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലേകത്തെങ്ങുമുള്ള കൂട്ടുകാരുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും ഇന്‍സ്റ്റന്റ് മെസ്സേജയക്കാനും സ്മാര്‍ട്ട് ഫോണുകളില്‍ ഇപ്പോള്‍ സൌകര്യമുണ്ട്. ഇതിനൊക്കെ പുറമെ നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് സോഫ്റ്റ്വെയറുകള്‍. പ്രശസ്ത പേഴ്സണല്‍ അക്കൌണ്ടിംഗ് പ്രോഗ്രാമായ ക്വിക്കണ്‍, ഓക്സ്ഫോര്‍ഡ് ഡിക്ഷണറി തുടങ്ങിയ ഒട്ടനവധി സോഫ്റ്റ്വെയറുകളുടെ പോക്കറ്റ് വേര്‍ഷനുകളും ഉതിലുള്‍പ്പെടുന്നു. ചുരുക്കത്തില്‍ നമ്മുടെ സന്തത സഹചാരിയായി മാറിയ മൊബൈല്‍ ഫോണിനെ കമ്പ്യൂട്ടറിന്റെ മിക്കദൌത്യങ്ങളും നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്ന എല്ലാ സൌകര്യവും സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാണെന്നതാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്.

2008ഓടെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 25 ശതമാനവും സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളായി മാറുമെന്നാണ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തെ അതികായന്‍മാരായ നോക്കിയയുടെ പ്രതീക്ഷ. നിലവിലെ നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ സ്ഥാനം ഉത്തരം സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു. കൂടുതല്‍ യാത്രചെയ്യുന്ന ബിസിനസ് എക്സിക്യൂട്ടീവുകളും പത്രപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ലാപ്ടോപിന് പകരം സ്മാര്‍ട്ട്ഫോണകള്‍ തെരഞ്ഞെടുക്കാനാണിഷ്ടപ്പെടുക. ലാപ്ടോപിനെ അപേക്ഷിച്ച് പോക്കറ്റിലൊതുങ്ങുന്ന വലുപ്പവും അതേസമയം പ്രവര്‍ത്തനങ്ങളിലെ മികവുമാണിതിന് കാരണം. കമ്പനി എക്സിക്യൂട്ടീവുകള്‍ക്ക് സ്റ്റാഫുമായി ബന്ധപ്പെടാമെന്നതിലുപരി ഓഫീസിലെ കമ്പ്യൂട്ടറിലെന്നപോലെ യാത്രയില്‍ ഇ-മെയില്‍ ചെക്ക്ചെയ്യാനും പെട്ടെന്ന് മറുപടി അയക്കാനും സ്മാര്‍ട്ട് ഫോണ്‍ സഹായിക്കുന്നു. പത്രപ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ക്യാമറയിലൂടെ എടുക്കുന്ന പടങ്ങള്‍ തല്‍സമയം ഇ-മെയില്‍ വഴിയോ എം.എം.എസ്. വഴിയോ പെട്ടെന്ന് പത്രസ്ഥാപനങ്ങളിലെത്തിക്കാന്‍ സാധിക്കും. കമ്പ്യൂട്ടറിന്റെ സൌകര്യവും കൂടി നല്‍കുന്നതിനാല്‍ സാധാരണ ഓഫീസ് ജോലിക്കാര്‍ക്കും ബിസിനസ്കാര്‍ക്കും തങ്ങളുടെ ഓഫീസ് ജോലികള്‍ ഇത്തരം ഫോണിലൂടെ നിര്‍വഹിക്കാനാവും. സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കാവന്ന അക്കൌണ്ടിംഗ് സോഫ്റ്റ്വെയറുകളുപയോഗിച്ച് എവിടെവച്ചും ബിസിനസ് മാനേജ് ചെയ്യാന്‍ സാധ്യമാകുന്നു.

സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനുതകുന്ന ജി.പി.ആര്‍.എസ്, എഡ്ജ്, ബ്ളാക്ക്ബെറി തുടങ്ങിയ അതിവേഗ കണക്ഷനുകള്‍ കേരളത്തിലും ലഭ്യമായിരിക്കുന്നു. എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ ജി.പി.ആര്‍.എസ്. സേവനം നേരത്തെത്തന്നെ നല്‍കി വരുന്നു. ബി.പി.എല്‍, ഐഡിയ തുടങ്ങിയ കമ്പനികും ഇത് പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ ഇന്ന് വിപണിയിലിറങ്ങുന്ന മിക്ക ഫോണുകളും ജി.പി.ആര്‍.എസ്. സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. സാധാരണക്കാര്‍ റിംടോണും സംഗീതവും ചിത്രങ്ങളും മറ്റും ഡൌണ്‍ലോഡ് ചെയ്യാനാണിതുപയോഗിക്കുന്നുത്. എഡ്ജ്, ബ്ളാക്ക്ബെറി എന്നീ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ സംസ്ഥാനത്ത് എയര്‍ടെല്‍ കമ്പനി മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.

വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണി ലക്ഷ്യമാക്കി നോക്കിയ വിപണിയിലിക്കിയ പുതിയ മോഡലുകളാണ് E60, E61, E70 എന്നിവ. ഇതില്‍ E61-ന് കമ്പ്യൂട്ടറിന് സമാനമായ QWERTY കീബോര്‍ഡുണ്ട്. ഇതുപയോഗിച്ച് പെട്ടെന്ന് മാറ്ററുകള്‍ ടൈപ് ചെയ്യാനാവും. സിംപിയാന്‍ 9.1 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 75 മെഗാബയറ്റ് മെമ്മറി കപാസിറ്റിയുണ്ട്. ഉയര്‍ന്ന റെസല്യുഷനുള്ളതും താരതമ്യേന വലുതുമായ സ്ക്രീന്‍ ഇതിന്റെ സവിശേഷതയാണ്. എം.എസ്. ഓഫീസിലെ മിക്ക സോഫ്റ്റ്വെയറുകളും സപ്പോര്‍ട്ട് ചെയ്യുന്ന സെറ്റില്‍ ഇന്റര്‍നെറ്റ് ബ്രൌസിംഗിനും ഇ-മെയില്‍ സ്വീകരിക്കാനും അയക്കാനും പ്രത്യേകം സൌകര്യമുണ്ട്. നോക്കിയയുടെ E70 മോഡലും ഈ സൌകര്യങ്ങളെല്ലാം നല്‍കുന്നുണ്ട്. സ്ക്രീനിന്റെ ഇരുവശത്തുമായി സംവിധാനിച്ച സൌകര്യപ്രദമായ കീബോര്‍ഡ് ടൈപിംഗ് ജോലി എളുപ്പമാക്കുന്നു. E60 മോഡലിന് സാധാരണ മൊബൈല്‍ ഫോണിന്റെ കീബോര്‍ഡാണാങ്കിെലും സ്മാര്‍ട്ട് ഫോണിന്റെ മിക്ക ദൌത്യങ്ങളും ഏറെക്കുറെ ഇതിലുള്‍ക്കൊള്ളച്ചിരിക്കുന്നു.

സ്മാര്‍ട്ട് ഫോണുകളില്‍ എടുത്തുപറയാവുന്ന മറ്റൊരിനമാണ് ഹാന്‍ഡ് സ്പ്രിംഗ് കമ്പനിയുടെ Treo 600, Treo 650, Treo 700 എന്നീ മോഡലുകള്‍. പാം ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിന്റെ ആദ്യത്തെ രണ്ട് മോഡലുകള്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും ഏറെ പ്രിയങ്കരമായിരിക്കുന്നു. ഓഫീസ് പാക്കേജുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിന് പുറമെ വെബ് ബ്രൌസറും ജഛജ ഇ-മെയില്‍ സൌകര്യവും മൂവി ക്യാമറയുമെല്ലാം ഇതിന്റെ സവിശേഷതകളാണ്. നെറ്റിലൂടെ സൌജന്യമായി ഡൌണ്‍ ലാഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ആയിരക്കണക്കിന് സോഫ്റ്റ്വെയറുകള്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്. വന്‍കിട അക്കൌണ്ടിംഗ് പാക്കേജുകള്‍ വരെ ഈ സോഫ്റ്റ്വെയര്‍ ശേഖരത്തിലുള്‍പ്പെടുന്നു. പാം ഓപറേറ്റിംഗ് സിസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്കായി സജ്ജമാക്കിയ പതിനായിരക്കണക്കിന് ഇ-ബുക്ക് ശേഖരവും ഇന്റര്‍നെറ്റിലുണ്ട്. www.palam.com, www.mytreo തുടങ്ങിയ നൂറുക്കണക്കിന് വെബ് സൈറ്റുകള്‍ ഈ സേവനം നല്‍കുന്നു. Treo 650 മോഡലില്‍ ബ്ളൂടൂത്ത് വയര്‍ലെസ് സംവിധാനവും ലഭ്യമാണ്. ഹാന്‍ഡ് സ്പ്രിംഗ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ Treo 700 വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമാണുപയോഗിക്കുന്നത്. വിന്‍ഡോസ് എക്സ്.പിയുടെ പോക്കറ്റ് പതിപ്പാണിത്. സ്മാര്‍ട്ട് ഫോണ്‍ ഇനത്തിലെ ഏറ്റവും പുതിയ ഈ ഹാന്‍ഡ്സെറ്റ് ഇന്ത്യയില്‍ അടുത്ത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍റേറ്റ്സ് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണെന്നാണ് ഇതിന്റെ സവിശേഷതയായി നിര്‍മാതാക്കളുയര്‍ത്തിക്കാട്ടുന്നത്. മൊബൈല്‍ ഫോണു കമ്പ്യൂട്ടറും തമ്മിലെ അന്തരം ഇല്ലാതാക്കുന്നുവെന്നാണ് ഇതിന്റെ മുഖ്യ സവിശേഷത.

മ്രുഖ ഹാന്‍ഡ്ഹെല്‍ഡ് പിസി നിര്‍മാതാക്കളായ എച്ച്.പി. വയര്‍ലെസ് സപ്പോര്‍ട്ട് ഹാന്‍ഡ് ഹെലഡ് പി.സിക്ക് പുറമെ ഇപ്പോള്‍ 'ഐ പാക്' സ്മാര്‍ട്ട് ഫോണുകളും വിപണിയിലെത്തിച്ചു തുടങ്ങി. സ്മാര്‍ട്ട് ഫോണിന്റെ ഭാവി സാധ്യത മുന്നില്‍ കണ്ട് ഇത്തരം ഹാന്‍ഡ് സെറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനിയുടെ പരിപാടി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിലികോം കമ്പനി പുറത്തിറക്കുന്ന 'ഐമാറ്റ്' സ്മാര്‍ട്ട് ഫോണുകളാണ് ഈ ഇനത്തിലെ മറ്റൊരിനം. വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐമാറ്റിന്റെ ഹാന്‍ഡ് സെറ്റുകള്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഏറെ പരിചിതമാണ്.

Treo 650 പോലുള്ള ഉയര്‍ന്ന സവിശേഷതയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇപ്പോള്‍ വിലക്കൂടുതലുണ്ടെങ്കിലും സാധാരണ ഉപയോഗത്തിനുള്ളവ ഇരുപതിനായിരം രൂപക്ക് താഴെ ലഭിക്കുന്നതാണ്. ഭാരക്കൂടുതലില്ലാതെ ഉള്ളംകൈയിലും പോക്കറ്റിലും ഒതുക്കാവുന്ന സ്മാര്‍ട്ട് ഫോണുകള്‍ മൊബൈല്‍ ഫോണിനോടൊപ്പം കമ്പ്യൂട്ടറിന്റെ മിക്ക ഉപയോഗങ്ങളും സാധ്യമാക്കുന്നു. അതോടൊപ്പം എം.പി.3 പ്ളേയര്‍, ടൈപ് റിക്കോര്‍ഡര്‍, വീഡിയോ ക്യാമറ, റിമോട്ട് കണ്‍ട്രോള്‍, ഇ-ബുക്ക് റീഡര്‍ തുടങ്ങിയ ഒട്ടേശറ ഉപകരണങ്ങളുടെ സൌകര്യവും ഇവ നല്‍കുന്നു. ഇതുതന്നെയാണ് സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ ആകര്‍ഷണീയത.
*****

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും വിദ്യാഭ്യാസ രംഗവും(ഇന്‍ഫോ മാധ്യമം 21 ജൂണ്‍, 2001 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കലാലയങ്ങളുടെ ചുമരുകര്‍ക്കുള്ളിലൊതുങ്ങിയിരുന്ന വിദ്യാഭ്യാസരംഗം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വളര്‍ച്ചയോടെ പുതിയ ചക്രവാളങ്ങര്‍ തേടുകയാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിദ്യാഭ്യാസ മാധ്യമമായി രംഗത്തെത്തിയതോടെ ഈ മേഖലയില്‍ വലിയൊരു വിപ്ലവം തന്നെ അരങ്ങേറുന്നു. അതോടെ വിദ്യാഭ്യാസമെന്ന പ്രക്രിയ അത്യന്തം ലളിതവും ആകര്‍ഷകവുമായ ഒരനുഭവമായി മാറുകയാണ്. ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ക്ലാസ്സ് മുറികളിലിരുന്ന് ഇന്റര്‍നെറ്റുപയോഗിച്ച് അമേരിക്കന്‍ ശൂന്യാകാശ ഗവേഷണ കേന്ദ്രമായ നാസയിലെ വിദഗ്ദരുമായും മറ്റും ാശയ വിനിമയം സാധ്യമാവുന്ന വിധം ആഗോള തലത്തില്‍ വിദ്യാഭ്യാസ രംഗം പുരോഗമിച്ചിരിക്കുന്നു.

ക്ലാസ്റൂമുകളിലേക്ക് ഇന്റര്‍നെറ്റ് കടന്ന് വരുന്നതോടെ അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തിലും മാറ്റങ്ങള്‍ പ്രകടമാവുകയാണ്. സിലബസനുസരിച്ചുള്ള പാഠപുസ്തകം മറിച്ച് ഉരുവിട്ട് പഠിപ്പിക്കുന്ന അധ്യാപകന്‍ മേലില്‍ അതിവിപുലമായ വൈജാനിക ലോകത്തേക്ക് വിദ്യാര്‍ത്ഥിയെ കൈപിടിച്ചാനയിക്കുന്ന മാര്‍ഗ ദര്‍ശകനായിരിക്കും. വിരസമായ പാഠപുസ്തകങ്ങള്‍ക്ക് പകരം മള്‍ട്ടി മീഡിയയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള കമ്പ്യൂട്ടര്‍ സോഫ്്റ്റ് വെയറുകള്‍ പള്ളിക്കൂടങ്ങളില്‍ വ്യാപകമായി ഉപയോഗിച്ച് വരികയാണ്. ഓരോ വിദ്യാര്‍ത്ഥിക്കും തന്റെ ബുദ്ധി ശക്തിക്കും കഴിവുകര്‍ക്കും അനുയേജ്യമായ പാഠ്യ പദ്ധതിയും പഠന രീതിയും സ്വയം തെരഞ്ഞെടുക്കാന്‍ സാധ്യമാകുന്ന അവസ്ഥയും സംജാതമാവും. ലോകത്തെങ്ങുമുള്ള ഗവേഷണ കേന്ദ്രങ്ങളുടെയും ഉന്നത കലാലയങ്ങളുടെയും ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെയും വന്‍കിട ലൈബ്രറികളുടെയും താക്കോല്‍ക്കൂട്ടം എപ്പോഴും വിദ്യാര്‍ത്ഥിയുടെ വിരല്‍ത്തുമ്പിലുണ്ടായിരിക്കും.

'നാസ'യിലെ ശാസ്ത്രജ്ഞരും കമ്പ്യൂട്ടര്‍ വിദഗ്ദരും ചേര്‍ന്ന് രൂപം നല്‍കിയ 'ഭാവി ക്ലാസ്സ് റൂം' (Classroom of the Future) എന്ന പ്രോഗ്രാം വിദ്യാഭ്യാസ രംഗത്ത് ആധുനിക ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രയോജനപ്പെടുത്തതിന് മികച്ച ഉദാഹരണമാണ്. നാസയുടെ കീഴില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലായി നടത്തപ്പെട്ട ഗവേഷണ നിരീക്ഷണങ്ങളുടെ ഫലസിദ്ധി ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കതീതമായി ലോകത്തെങ്ങുമുള്ള പ്രാഥമിക ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്രാപ്യമാവുന്ന വിധം www.cotf.edu എന്ന സൈറ്റില്‍ സംവിധാനിച്ചിരിക്കുന്നു. എക്സ്പൊളൊറേഷന്‍, സിമുലേഷന്‍ തുടങ്ങിയ രീതികളവലംബമാക്കി ശാസ്ത്ര രംഗത്തെ ഒട്ടനവധി ശാഖകളിലും അവഗാഹം നേടാന്‍ സൈറ്റ് പ്രയോജനപ്പെടും. പരിസ്ഥിതി ഗവേഷണ രംഗത്ത് ഏറെ പ്രയോജനപ്പെടുത്താവുന്ന Exploring the Environment എന്ന വിദ്യാഭ്യാസ പരിപാടിയും സൈറ്റിലുണ്ട്. ഭാഷാഭ്യസന രംഗത്തും മറ്റും വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ഒട്ടനവധി സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സ്വഭാവികമായും ഇതില്‍ ഇംഗ്ലീഷ് ഭാഷക്കാണ് പ്രാമുഖ്യം. www.hiway.co.uk/-ei/intro/html, www.lisa.src.ncu.edu.tw, http://heasarc.gsfc.nasa.gov/docs, www.info/webstars.html തുടങ്ങിയ സൈറ്റുകളെല്ലാം ഇത്തരം സേവനങ്ങള്‍ കാഴ്ച വെക്കുന്നു.

കേരളത്തിലെ വിദ്യാലയങ്ങളെസ്സംബന്ധിച്ചേടത്തോളം കമ്പ്യൂട്ടര്‍ പഠനവും അധ്യയനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പ്രയോഗവല്‍ക്കരണവും പ്രാരംഭ ഘട്ടത്തിലാണുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും ഈ രംഗത്തെ പ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ കാലത്തിനൊപ്പം മുന്നേറാന്‍ നമുക്കായിട്ടില്ല. അധുനിക യുഗത്തിലെ ശക്തിയുടെ സ്രോതസ്സ് സമ്പത്തും ആയുധങ്ങളുമല്ല, മറിച്ച് മനുഷ്യന്‍ കൈവശപ്പെടുത്തുന്ന ടെക്നോളജിയും ഡാറ്റകളുമായിരിക്കും. ആ നിലക്ക് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് കമ്പ്യൂട്ടറിനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കും അര്‍ഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. പുതിയ യുഗത്തിന്റെ സവിശേഷതകള്‍ മുഴുക്കെ ഉള്‍ക്കൊള്ളാനും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റാനും പ്രാപ്തമാവുന്ന വിധത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം വ്യാപകമാക്കണം.

അതേസമയം കമ്പ്യൂട്ടര്‍ വിദ്യാഭ്യാസമെന്നാല്‍ ഡോസും വിന്‍ഡോസും ഏതാനും സോഫ്റ്റ്വെയര്‍ പാക്കേജുകളും പഠിക്കലും പഠിപ്പിക്കലുമാണെന്ന ധാരണ തിരുത്തേണ്ടതുണ്ട്. പരമ്പരാഗതമായി നാം ചെയ്ത് വരുന്ന തൊഴിലുകള്‍ക്ക് വേഗതയും സൂക്ഷ്മതയും വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ആധുനിക മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ മിക്ക പ്രശ്നങ്ങളുടെയും പരിഹാരമായിട്ടാണ് കമ്പ്യൂട്ടറും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും മേലില്‍ വര്‍ത്തിക്കുകയെന്ന് തിരിച്ചറിയണം. അതനുസരിച്ച് വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെയും പരിശീലനത്തെയും അതി വിശാലമായൊരു വീക്ഷണ കോണിലൂടെ നോക്കിക്കാണാന്‍ നാം സന്നദ്ധരാവേണ്ടിയിരിക്കുന്നു.
*****