(പ്രബോധനം ആഴ്ചപ്പതിപ്പ് 2010 ഏപ്രില്‍ 17 (വാള്യം 66/ലക്കം 44) പ്രസിദ്ധീകരിച്ച ലേഖനം)
തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് ഇനി ഇന്റര്‍നെറ്റിലും ലഭ്യമാവുകയാണ്. നേരത്തെ സി.ഡി, ഡി.വി.ഡി രൂപത്തില്‍ ലഭ്യമായ സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും നിലനിര്‍ത്തിയതോടൊപ്പം ഏതാനും പുതിയ സേവനങ്ങള്‍ കുടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് വെബ് പതിപ്പിന് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാവുന്ന അറിവിന്റെ ശേഖരം അപരിമേയമാണ്. വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക വിജ്ഞാനങ്ങള്‍ക്ക് ഇന്ന് ഇന്റര്‍നെറ്റില്‍ വലിയൊരു ശേഖരം തന്നെയുണ്ട്. ഖുര്‍ആന്റെ നുറുക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളും വിവിധ ലോക ഭാഷകളിലേക്കുള്ള മൊഴിമാറ്റങ്ങളും വ്യത്യസ്ത ഖാരിഉകളുടെ വിവിധ രീതിയിലെ ഖുര്‍ആന്‍ പാരായണങ്ങളും ഖുര്‍ആന്‍ വിജ്ഞാനങ്ങളും ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ ശേഖരങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ മലയാള ഭാഷക്ക് കാര്യമായ വിഹിതമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഈ വിടവ് നികത്താന്‍ തഫ്ഹീമുര്‍ ഖുര്‍ആന്റെ മലയാളം വെബ് എഡിഷന് ഏറെക്കുറെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.
ടെക്നോളജിയുടെ വളര്‍ച്ചയും വികസനവുമനുസരിച്ച് ആധുനിക മനുഷ്യന്റെ ശീലങ്ങളും മാറിവരുന്നു. പുസ്തകത്താളുകളില്‍ നിന്ന് നമ്മുടെ വായനശീലം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് അതിവേഗം പറിച്ചു നടപ്പെടുകയാണ്. പുസ്തകത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ വായനക്ക് ഒരുപാട് മികവുകളുണ്ട്. ഈ മികവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകപ്രശസ്ത പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പിന്റെ നിര്‍മ്മാണം നടന്നത്. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന 'ധര്‍മധാര'യുടെ ആഭിമുഖ്യത്തില്‍ പണ്ഡിതരും കമ്പ്യൂട്ടര്‍ വിഗദ്ധരുമടങ്ങുന്ന ഒരുകൂട്ടം പ്രവര്‍ത്തകരുടെ ഒന്നേകാല്‍ വര്‍ഷത്തോളം നിണ്ടുനിന്ന ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലസിദ്ധിയെന്ന നിലക്ക് പുറത്തിറങ്ങിയ സോഫ്റ്റ്വെയര്‍ മലയാളി സമൂഹം അത്യധികം ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്. ലളിതമായ മുഖപ്പേജ്, ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടന, എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഉപയോഗക്രമം തുടങ്ങിയവയൊക്കെ ഡിജിറ്റല്‍ പതിപ്പിന്റെ സവിശേഷതകളായിരുന്നു.
ഉസ്മാനി ലിപി, ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ത്ഥം, മയാളത്തിലും ഇംഗ്ലീഷിലും ആയത്തുകളുടെ അര്‍ത്ഥം, വ്യത്യസ്ത രീതികളില്‍ ഇന്‍ഡക്സ് സൌകര്യം, ഖുര്‍ആന്‍ ആദ്യം മുതല്‍ പേജ് മറിച്ച് വായിക്കാനും പാരായണം കേള്‍ക്കാനും സൌകര്യം, മൂന്ന് പ്രശസ്ത ഖാരിഉകളുടെ പാരായണം, തഫ്ഹീമിലെ ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണം, വിപുലമായ സെര്‍ച്ച് സൌകര്യം, തജീവീദ് പഠനത്തിന് പ്രത്യേകം സംവിധാനം, സന്ദര്‍ഭോചിതമായി തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെയും മാപ്പുകളുടെയും ശേഖരം, വീഡിയോ ക്ലിപ്പുകള്‍, ഖുര്‍ആന്‍ പഠനത്തിലേക്ക് വെളിച്ചം പകരുന്ന ഈടുറ്റ ലേഖനങ്ങള്‍, ഖുര്‍ആന്‍ ക്വിസ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഇതിനെ കിടയറ്റ സോഫ്റ്റ്വെയറാക്കി. കേവലം പേജ് മറിച്ചുള്ള വിരസമായ വായനാ രീതിക്ക് പകരം ഡിജിറ്റല്‍ സംവിധാനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യങ്ങളിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ അവലംബമാക്കിയപ്പോള്‍ മലയാളം സോഫ്റ്റ്വെയര്‍ വികസനരംഗത്ത് പുതിയൊരു മുന്നേറ്റത്തിന് തന്നെ തുടക്കം കുറിക്കുകയായിരുന്നു.
സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സൌകര്യങ്ങളും ലഭ്യമാകുന്നതോടൊപ്പം വെബ് പതിപ്പില്‍ ഏതാനും പുതിയ സേവനങ്ങളും സൌകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് സൂചിപ്പിച്ചു. നേരത്തെ ലഭ്യമായിരുന്ന അലി അബ്ദുറഹ്മാന്‍ അല്‍ഹുദൈഫി, അഹ്മദ് അല്‍അജമി, സഅദ് അല്‍ഗാംദി എന്നിവരുടെ പാരായണത്തിന് പുറമെ അബ്ദുല്‍ബാസിത്വ്, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫര്‍, മഹ്മൂദ് ഹുസരി, മിന്‍ശാവി, ഹാനി റാഫി, മസ്ജിദുല്‍ ഹറാമിലെ ഇമാമുമാരായ ശൈഖ് സുദൈസ്, ശുറൈം തുടങ്ങിയ പതിനാറ് ലോകപ്രശസ്ത ഖാരിഉകളുടെ പാരായണം തിരഞ്ഞെടുത്ത് കേള്‍ക്കാന്‍ വെബ് പതിപ്പില്‍ സൌകര്യമുണ്ട്. ഈ രീതിയില്‍ വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് മൊഴിമാറ്റത്തിന്റെ ഓഡിയോ ആവിഷ്ക്കാരവും കേള്‍ക്കാന്‍ സംവിധാനമൊരുക്കിയിരിക്കുന്നു. ഈ സേവനങ്ങളും ഖൂര്‍ആന്‍ സൂക്തങ്ങളുടെ അറബിക് ടെക്സ്റ്റും 'തന്‍സീല്‍ ഡോട്ട് ഇന്‍ഫോ' (tanzil.info) എന്ന വെബ്സൈറ്റുമായി സഹകരിച്ചാണ് ലഭ്യമാക്കിയിരിക്കുന്നത്. അറബിക് യൂണികോഡില്‍ തയ്യാറാക്കി സ്വതന്ത്ര ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെട്ട ഇതിലെ ഖുര്‍ആന്‍ ടെക്സ്റ്റ് അത്യധികം ആകര്‍ഷകമാണ്.
തഫ്ഹീമിന്റെ മലയാളം പദങ്ങളില്‍ സെര്‍ച്ച് ചെയ്യാനുള്ള സൌകര്യവും വെബ് പതിപ്പിന്റെ പ്രത്യേകതയാണ്. സ്ക്രീനിന്റെ ഇടതുഭാഗത്ത് പ്രത്യക്ഷമാകുന്ന കീബോര്‍ഡ് ലേഔട്ടില്‍ മൌസ് ക്ലിക് ചെയ്തുകൊണ്ട് പദങ്ങള്‍ നല്‍കാവുന്നതാണ്. ഖുര്‍ആന്‍ പദങ്ങളിലെ സെര്‍ച്ച് എളുപ്പമാക്കുന്നതിനും ഈ സൌകര്യമേര്‍പ്പെടുത്തിയിരിക്കുന്നു. സോഫ്റ്റ്വെയര്‍ പതിപ്പിനെ അപേക്ഷിച്ച് വെബ് പതിപ്പിന്റെ പേജ് രൂപകല്‍പന കുറച്ചുകൂടി ലളിതവും ആകര്‍ഷകവുമാണ്. പേജ് ഡിസ്പ്ലേ ഘടനയുടെ സങ്കീര്‍ണ്ണതകള്‍ പരമാവധി ഒഴിവാക്കി അതിവേഗം വിവരങ്ങള്‍ ലഭിക്കാനുള്ള സങ്കേതങ്ങളാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ തഫ്ഹീം പേജുകളുടെ ഇടതുവശത്തായി ക്രമീകരിച്ച മെനുകളില്‍ മൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ബന്ധപ്പെട്ട ഉപപേജുകളിലേക്ക് അതിവേഗം എത്തിപ്പെടാവുന്നതാണ്.വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച കൂടുതല്‍ പഠനത്തിന് സഹായകമായ
ഏതാനും സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇതില്‍ പ്രവര്‍ത്തിക്കുന്നു.
2008 ഒക്ടോബറില്‍ തഫ്ഹീമുല്‍ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കിയപ്പോള്‍ തന്നെ ഇതിന് ഒരു സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പതിപ്പ് കൂടി ഉണ്ടാവണമെന്ന് പല ഭാഗത്തുനിന്നും ആവശ്യമുയര്‍ത്തിരുന്നു. തുടര്‍ന്ന്, വ്യത്യസ്ത തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലൂടെ വെബ് എഡിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗിക രൂപം ലഭിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ വെബ്സൈറ്റ് കോര്‍ഡിനേറ്ററായ കെ.എ. നാസറിന്റെ നേതൃത്വത്തില്‍ ഒരുപറ്റം നിസ്വാര്‍ഥരായ പ്രവര്‍ത്തകര്‍ ഏറെക്കുറെ സേവന വ്യവസ്ഥയില്‍ തന്നെ ഈ പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്തു. വെബ് പതിപ്പിന്റെ ഡാറ്റാബെയ്സ് തയ്യാറാക്കിയ കെ.ടി. ഹനീഫ്, സൈറ്റിന്റെ രൂപകല്‍പനയില്‍ മുഖ്യ പങ്കുവഹിച്ച ഷൈജര്‍ നവാസ്, ഇതിന്റെ പൂര്‍ണതക്ക് വേണ്ടി ആത്മാര്‍ഥമായ സേവനം കാഴ്ചവെച്ച നബീല്‍ കല്ലായില്‍, ടി. അഹ്മദ് മുഹ്സിന്‍, സി.ടി. അബൂദര്‍റ്, ഹാഫിസ് മായനാട്, ശഹീര്‍ മായനാട്, ശിഫാന കല്ലായി, അന്‍ഷദ് വണ്ടാനം, ജലീല്‍ ഒതളൂര്‍ എന്നിവരുടെ സേവനങ്ങള്‍ ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.
തെറ്റുകുകളോ അബദ്ധങ്ങളോ കണ്ടത്തിയാല്‍ അതാത് സമയത്തുതന്നെ ഡാറ്റാബെയ്സില്‍ ആവശ്യമായി മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നത് വെബ് പതിപ്പിന്റെ മറ്റൊരു സവിശേഷതയായി കണക്കാക്കുന്നു. 'തഫ്ഹീം ഡോട്ട് നെറ്റ്' (http://thafheem.net) എന്നാണ് വിലാസം. ഏപ്രീല്‍ 20^ന് ചൊവ്വാഴ്ച നടക്കുന്ന ഔദ്യോഗിക ലോഞ്ചിംഗിനെത്തുടര്‍ന്ന് ലോകത്തെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വെബ് പതിപ്പ് ലഭ്യമാകുന്നതാണ്.