'പ്രിയ സഹോദരന്.. ഈ ബ്ളോഗ് കണ്ടതിന് ശേഷം എനിക്ക് താങ്കളെ അങ്ങനെ വിളിക്കുവാനാണ് തോന്നുന്നത്. ഒരുപാട് അന്വേഷിച്ച് നടന്നിട്ടും ലഭിക്കാതിരുന്ന ഒരു അമൂല്യ നിധിയാണ് താങ്കള്‍ ഈ ബ്ളോഗില്‍ കുറിച്ചിട്ടിരിക്കുന്നത്. ഇതിന് മുമ്പ് വിശുദ്ധ ഖുര്‍ആന്റെ ചില ഇംഗ്ളീഷ് പരിഭാഷകളും, ഭാഗികവും വളരെ പരിമിതവുമായ ചില മലയാളം വ്യാഖ്യാനങ്ങളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. സമ്പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമാണെന്നറിയാമെങ്കിലും ശ്രമിച്ചിട്ടു കിട്ടിയിട്ടില്ല. എന്തായാലും ഞാനിത് കോപ്പി ചെയ്തു സൂക്ഷിച്ചിരിക്കുന്നു. താങ്കളുടെ അനുമതിയുണ്ടെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റിലാക്കി താല്പര്യപ്പെടുന്നവര്ക്ക് ഇത് ഇ-മെയില്‍ വഴി അയച്ചു നല്കുവാനും ആഗ്രഹിക്കുന്നു.
പലര്‍ക്കും ചെറുതെന്ന് തോന്നിയേക്കാവുന്ന ഈ കാര്യം താങ്കളുടെ ജീവിതത്തിലെ തന്നെ വലിയൊരു പുണ്യ വൃത്തിയാണെന്ന് പറയാതെ വയ്യ. അവന്റെ നാമം വാഴ്ത്തുന്നവര്‍, അവന്റെ തത്വം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍, അവനെന്ന സത്യം സത്യമെന്നറിയുകയും അവന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവരത്രേ അവന് എക്കാലവും പ്രിയമുള്ളവര്‍. ആരെല്ലാം അവനെ അവഗണിച്ചാലും പരമോന്നതനായ ആ ദൈവം അവനെ ആകാശത്തോളം ഉയര്‍ത്തുക തന്നെ ചെയ്യും. വിശുദ്ധ ബൈബിളിലും വിശുദ്ധ ഖൂര്‍ആനിലും ശ്രീമദ് ഭഗവത് ഗീതയടക്കമുള്ള ഹൈന്ദവ ഗ്രന്ഥങ്ങളിലും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സുവ്യക്തമായി നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും. എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യമായ ആ സാക്ഷാത്ക്കാരത്തിനായത്രേ നാമേവരും ജീവിക്കുന്നതു തന്നെ.
നിത്യ ജീവിതത്തിന്റെ തിരക്കിനിടയിലും ഇങ്ങനെ ഒരു മഹാപുണ്യപ്രവൃത്തി ചെയ്യാന്‍ തോന്നിയ താങ്കളിലെ വിശ്വാസത്തെയും സമര്‍പ്പണത്തെയും ഹൃദയ പൂര്‍വം നമിക്കുന്നു. ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അധികം വില കൊടുക്കേണ്ടതില്ലെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. (വിമര്‍ശിക്കുന്നവരുടെ ഉദ്ദേശ ശുദ്ധി കൂടി പരിഗണിക്കണമല്ലോ - മറ്റാര്‍ക്കും ഇങ്ങനെയൊന്ന് ചെയ്യാന്‍ തോന്നിയുമില്ലല്ലോ). ഇവിടെ താങ്കളെ വിമര്‍ശിക്കാന്‍ പരമകാരുണികനായ അല്ലാഹുവിന് മാത്രമാണധികാരം എന്നെന്റെ മനസ്സ് പറയുന്നു... അതങ്ങനെ തന്നെയാവട്ടെ. ഹൃദയപൂര്‍വം' - ജയകൃഷ്ണന് കാവാലം.
ഖത്തറില്‍ ജോലി ചെയ്യുന്ന ചാവക്കാട് സ്വദേശി മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ 'ഖുര്‍ആന്‍ മലയാള പരിഭാഷ' എന്ന ബ്ളോഗില്‍ കൊടുത്ത വിശുദ്ധ ഖൂര്‍ആനിലെ 'അന്നിസാ' അധ്യായത്തിന്റെ മലയാളം പരിഭാഷ വായിച്ച ജയകൃഷ്ണന് അതേ ബ്ളോഗില്‍ തന്നെ നല്കിയ ഒരു കമന്റാണിത്.
'ജയ കൃഷ്ണന്, താങ്കളുടെ കമന്റ് വായിച്ചു. വളരെയേറെ സന്തോഷം. തീര്‍ച്ചയായും ഞാന്‍ അനുമതി തരുന്നു. താങ്കളുടെ ഇത്തരമൊരു ചിന്തക്ക് എത്ര തന്നെ പ്രശംസിച്ചാലും ഒന്നും ആവില്ല എന്നറിയാം. ഞാന്‍ ഒരു പുണ്യ പ്രവര്‍ത്തനം ചെയ്തുവെങ്കില്‍ താങ്കള്‍ ചെയ്യുവാന്‍ പോകുന്നത് അതിലേറെയാണ്'. ബ്ളോഗിലൂടെ മുഹമ്മദ് സഗീറിന്റെ മറുപടി. രണ്ട് പേരും പരസപരം പരിചയമില്ലാത്തവര്‍. അവര്‍ ബന്ധപ്പെടുന്നത് ബ്ളോഗിലൂടെ മാത്രം. ഒരുപാട് അന്വേഷിച്ചു നടന്നിട്ടും ലഭിക്കാതിരുന്ന വിശുദ്ധ ഖുര്‍ആനിലെ ആ 'അമൂല്യ നിധി'യാണ് ജയകൃഷ്ണനെയും മുഹമ്മദ് സഗീറിനെയും പരസ്പരം ബന്ധിപ്പിച്ചത്.
http://khuran.blogspot.com എന്ന ബ്ളോഗിലൂടെ അവരുടെ ഈ സൌഹൃദം വളരുകയാണ്.
പൂനെയില്‍ ജോലി ചെയ്യുന്ന പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ ഷിജു അലക്സ് തന്റെ 'അന്വേഷണം' എന്ന ബ്ളോഗില്‍ (http://shijualex.blogspot.com) 'വിശ്ദ്ധ ഖുര്‍ആനും മലയാളം വിക്കിഗ്രന്ഥശാലയില്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ. 'വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഖുര്‍ആന്റെ മലയാളം പരിഭാഷയും മലയാളം വിക്കി ഗ്രന്ഥശാലയിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്റെ മലയാള പരിഭാഷ വിക്കിയില്‍ ചേര്‍ക്കുവാന്‍ ആവശ്യമായ വിധത്തില്‍ 'ഖുര്‍ആന്‍ മലയാളം' (www.quranmalayalam.com) എന്ന സൈറ്റിലെ ഡാറ്റാബെയ്സ് ഷെയര്‍ ചെയ്യുകയും ഇതു ആവശ്യമായ എല്ലാ അനുമതിയും സഹായങ്ങളും ചെയ്തു തന്ന ഖുര്‍ആന്‍ മലയാളം സൈറ്റിന്റെ വെബ് മാസ്റ്റര്‍ ശ്രീ. ഹിശാം കോയ അവര്‍കളോട് ഉള്ള പ്രത്യേക നന്ദി ഇത്തരുണത്തില്‍ രേഖപ്പെടുത്തട്ടെ. കണ്ടന്റ് വിക്കിയിലിടുന്നതിന് വിക്കിയിലെ ഒരു ഉപയോക്താവായ ശ്രീ. അനൂപനും സഹകരിച്ചു. അദ്ദേഹത്തിനും നന്ദി. നെറ്റില്‍ നിന്നുള്ള കണ്ടന്റ് വിക്കി ഫോര്‍മാറ്റിലേക്ക് കെണ്ടുവരുന്നതിന് ഞങ്ങള്‍ക്ക് സഹായകമായ രീതിയില്‍ ഒരു എക്സ്ല് മാക്രോ എഴുതി തന്ന പ്രമുഖ ബ്ളോഗറായ ശ്രീ. തമനുവിനോടുള്ള പ്രത്യേക നന്ദി അറിയിക്കട്ടെ. അത് ഇല്ലായിരുന്നെങ്കില്‍ ഈ അടുത്തൊന്നും ഖുര്‍ആന്റെ വിക്കിവല്‍ക്കരണം പൂര്‍ത്തിയാവുമായിരുന്നില്ല. ഖുര്‍ആന്റെ ആദ്യത്തെ അധ്യായത്തിലേക്കുള്ള ലിങ്ക് ഇവിടെ. (http://ml.wikisource.org/wiki/Holy_Quran/Chapter_1) ഈ താളില്‍ എത്തിപ്പെട്ടാല്‍ പിന്നെ ഖുര്‍ആന്റെ ഏത് അധ്യായത്തിലേക്ക് പോകാനും എളുപ്പമാണ്. അതിന് സഹായകമായ രീതിയില്‍ ഓരോ അധ്യായത്തിലും നിരവധി നാവിഗേഷന്‍ ടെംബ്ളറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ നാവിഗേഷന്‍ ടെംബ്ളറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് കുറെ സമയം ചിലവായത്...'
നെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ ഭാഗമായ 'മലയാളം വിക്കി ഗ്രന്ഥശാലാ' സംരംഭത്തിലൂടെ പരസ്പരം ബന്ധപ്പെട്ട ഷിജു അലക്സും ഹിശാം കോയയും അനൂപനും തമനുവും വിശുദ്ധ ഖുര്‍ആന്റെ മലയാളം പതിപ്പ് നെറ്റില്‍ ലഭ്യമാക്കിയതിന് നടത്തിയ ശ്രമങ്ങളാണ് ഷിജു അലക്സ് തന്റെ ബ്ളോഗിലൂടെ വിവരിക്കുന്നത്.
ഇതാണ് ബ്ളോഗിന്റെയും ബ്ളോഗര്‍മാരുടെയും ലോകം. ആ വിശാല മനസ്കതയും സഹകരണ മനോഭാവവും മാതൃകാപരമായരിക്കുന്നു. ബ്ളോഗ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'വെബ് ലോഗു'കള്‍ സ്വതന്ത്ര ആശയവിനിമയോപാധി എന്ന നിലക്ക് ഇതിനകം നെറ്റിലെ സജീവ സാന്നിധ്യമായിരിക്കയാണ്. മലയാളികള്‍ക്കിടയിലും ബ്ളോഗ് ഹരമായി മാറിയിരിക്കുന്നു. ഗള്‍ഫുകാരുള്‍പ്പെടെയുള്ള വിദേശ മലയാളികളാണ് ഇതിന്റെ ഉപയോഗത്തില്‍ മുന്‍പന്തിയിലുള്ളത്. പതിനായിരത്തോളം ബ്ളോഗുകള് ഇതിനകം മലയാള ഭാഷയില്‍ നിലവില്‍ വന്നുവെന്നാണ് കണക്ക്. മലയാള ഭാഷക്ക് ഏകീകൃത യൂണികോഡ് നിലവില്‍ വന്നതാണ് മലായള ഭാഷയിലും ഇങ്ങനെയൊരു കുതിപ്പുണ്ടാകാന്‍ കാരണം. ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍നെറ്റിലൂടെ അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ കമ്പ്യൂട്ടര്‍ കമ്പനികള്‍ ചേര്‍ന്ന് രൂപം നല്കിയ കണ്‍സോര്‍ഷ്യമാണ് മലയാളം യൂണികോഡിനും രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ അതിന് വലിയ പ്രോല്‍സാഹനം നല്‍കുകയും ചെയ്തു. വിവിധ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി മലയാളത്തില്‍ തിരച്ചില്‍ നടത്താന്‍ ഇതോടെ സാധ്യമായിരിക്കുന്നു. മലയാള ദിനപത്രങ്ങളും വാരികകളും ഇതര പ്രസിദ്ധീകരണങ്ങളുമൊക്കെ യൂണികോഡിലേക്ക് കൂടുമാറുന്ന തിരിക്കിലാണിപ്പോള്‍. മലയാളം വെബ്സൈറ്റുകളും ഈ രീതിയില്‍ യൂണികോഡിലേക്ക് പറച്ചുനടാന്‍ സമീപ ഭാവിയില്‍ ബന്ധപ്പെട്ടവര്‍ നിര്‍ബ്ബന്ധിതരാവും.
ആശയവിനിമയത്തിനായി വെബ്ബില്‍ സൂക്ഷിക്കുന്ന അറിവിന്റെ ശകലങ്ങളാണ് ബ്ളോഗുകളെന്ന് പറയാം. വ്യക്തികളുടെ ചിന്തകളും ആശയങ്ങളും പങ്കുവെക്കുന്ന ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകളെന്നും ഇതിനെ വിശേഷിപ്പിക്കാം. ആര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ് ബ്ളോഗ് നിര്‍മ്മാണവും അതിന്റെ പരിപാലനവും. വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം കമ്പ്യൂട്ടര്‍ വിദഗ്ധര്‍ 1997-ല്‍ വ്യക്തിഗത ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ഈ നവീന രീതിക്ക് തുടക്കമിട്ടു. സ്വന്തമായി ബ്ളോഗ് കൈകാര്യം ചെയ്യുന്നവര്‍ക്ക് 'ബ്ളോഗര്‍' എന്ന് പറയുന്നു. ബ്ളോഗില്‍ വിവരങ്ങള്‍ ചേര്‍ത്ത് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് ബ്ളോഗിംഗ്. 'ബൂലോക'മെന്നാണ് ബ്ളോഗിന്റെ മലയാളം ഭാഷ്യം. ബ്ളോഗ് ചെയ്യുന്നവരെ 'ബ്ളോഗന്‍', 'ബ്ളോഗിനി' എന്നിങ്ങനെ ലിംഗവിഭജനം നടത്തുകയും ചെയ്യാം. ഒരാള്‍ക്ക് എത്ര ബ്ളോഗുകള് വേണമെങ്കിലും നിര്‍മ്മിച്ച് പരിപാലനം ചെയ്യാവുന്നതാണ്. ഇത്തരം ബ്ളോഗുകളില്‍ ചിലതെങ്കിലും പൂര്‍ണമായും വ്യക്തികളെ പ്രതിനിധാനം ചെയ്യുന്നവയായിരിക്കും. അതേസമയം വ്യക്തികള്‍ക്ക് അഞ്ജാതരായി വര്‍ത്തിക്കാനുള്ള ഇത്രയും വലിയ സൌകര്യം ഇന്റര്‍നെറ്റൊരുക്കുന്ന ഈ സൈബര്‍ ലോകത്ത് മാത്രമേ ലഭിക്കൂ.
വെബ്സൈറ്റ് നിര്‍മ്മാണത്തെപ്പോലെ ബ്ളോഗ് നിര്‍മ്മാണത്തിന് സാങ്കേതിക പരിജ്ഞാനം ഒട്ടും ആവശ്യമില്ല. സാമ്പത്തിക ചിലവും ഇല്ല. ഇ-മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കുന്ന അതേ എളുപ്പത്തില്‍ ബ്ളോഗ് പേജും നിര്‍മ്മിക്കാന്‍ സാധിക്കും. blogger.com, wordpress.com, blogsome.com, blogg.co.uk, digg.com, rediff.com, indiatimes.com, 360.yahoo.com, livejournal.comതുടങ്ങിയ ഒട്ടേറെ സൈറ്റുകള്‍ ഈ സേവനം സൌജന്യമായി നല്കിവരുന്നു. വെബ്സൈറ്റുകള്‍ ബ്ളോഗുകളാക്കി പേഴ്സണലൈസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ കൂടുകയും അതുവഴി ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിന്റെ ചില നേട്ടങ്ങള്‍ 'ബ്ളോഗ് പേജുകള്‍' സൂക്ഷിക്കുന്ന സൈറ്റുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നതുകൊണ്ടാണ് ഗൂഗിള്‍ തുടങ്ങിയ വമ്പ•ാര്‍ ബ്ളോഗുകള് ചെയ്യാനുള്ള സൌകര്യം സൌജന്യമായി ലഭ്യമാക്കുന്നത്. പ്രതികരണങ്ങളയക്കാന്‍ അവസരം നല്‍കുന്നതിലൂടെ വായനക്കാര്‍ക്കും സജീവപങ്കാളിത്തം നല്കുന്നുവെന്നതാണ് മറ്റ് വെബ് പേജുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. എഴുത്തുകാര്‍ക്ക് ഏത് വിഷയത്തെക്കുറിച്ചും എപ്പോള്‍ വേണമെങ്കിലും എഴുതി പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നുവെന്നത് ഇവയുടെ മറ്റൊരു സവിശേഷതയാണ്. വിവിധ ബ്ളോഗുകളിലെയും വെബ്പേജുകളിലെയും വാര്‍ത്തകള്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഒന്നിച്ച് കാണിക്കുന്ന സോഫ്റ്റ്വെയര് സംവിധാനമാണ് അഗ്രിഗേറ്ററുകള്‍. തനിമലയാളം (www.thanimalayalam.org),ചിന്ത (www.chintha.com/malayalam/blogroll.php), ബ്ളോഗ് ലോകം (bloglokam.org), മോബ്ചാനല് (www.mobchannel.org) സ്മാര്‍ട്ട് നീഡ്സ് (www.smartneeds.net) തുടങ്ങിയവ ഇത്തരം അഗ്രിഗേറ്ററുകറുകളാണ്.
മലയാള ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ബ്ളോഗിന് വന്‍പ്രാധാന്യമാണ് നല്‍കുന്നത്. ബ്ളോഗിലെ പോസ്റ്റുകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാനും ചില മാധ്യമങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. മലയാളത്തിലെ ബ്ളോഗ് പോസ്റ്റുകള്‍ പുസ്തക രൂപത്തിലും ഇതിനകം പ്രസിദ്ധീകരിച്ചു.
1997 മുതല്‍ ബ്ളോഗിംഗ് തുടങ്ങിയെങ്കിലും 2002-2004 കാലത്താണ് അത് വ്യാപകമായത്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2005-ല്‍ ബ്ളോഗുകളെസ്സംബന്ധിച്ച് നടത്തിയ പഠനത്തിലെ വിവരങ്ങളനുസരിച്ച് പുരുഷന്മാരെക്കാള് സ്ത്രീകളാണ് ഈ രംഗത്തുള്ളത്. ഇറാഖ് യുദ്ധം, സെപ്റ്റംബര്‍ പതിനൊന്ന് സംഭവങ്ങള്‍ ഇതിന് ആക്കംകൂട്ടിയെന്നതും ശ്രദ്ധേയമാണ്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രവേശന നിയന്ത്രണമുണ്ടായിരുന്ന ഇറാഖ് യുദ്ധത്തില്‍ ബ്ളോഗുകളാണ് വാര്‍ത്തയുടെ പ്രധാന ഉറവിടമായത്. Riverbendblog.blogspot.com വെബ്സൈറ്റില്‍ ഇറാഖ് യുവതി തയ്യാറാക്കിയ Baghdad Burning എന്ന ബ്ളോഗിലൂടെ പരമ്പരാഗത മാധ്യമങ്ങള്‍ പകരാത്ത ഒട്ടേറെ വിവരങ്ങളാണ് പുറത്തുവന്നത്. ഇത്തരം സാധ്യതകള്‍കൊണ്ടുതന്നെ പലപ്പോഴും ഇതര മാധ്യമങ്ങള്‍ ബ്ളോഗുകളില്‍ നിന്ന് വാര്‍ത്തകള്‍ ഉദ്ധരിക്കാറുണ്ട്. ബ്ളോഗര്‍മാരിലധികും 23-25 പ്രായക്കാരാണത്രെ. 2004 നവമ്പറിലെ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പോടെ ബ്ളോഗുകളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തവണ അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലേക്കുള്ള മല്‍സരത്തില്‍ ഒബാമെയെ തുണക്കുന്നതില്‍ ബ്ളോഗുകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് വാര്‍ത്ത.
ഡിജിറ്റല്‍ കാമറകളുടെയും കാമറ ഘടിപ്പിച്ച മൊബൈല്‍ ഫോണുകളുടെയും പ്രചാരത്തോടെ ബ്ളോഗിന്റെ സാധ്യത ഗണ്യമാംവിധം വര്‍ദ്ധിച്ചിരിക്കയാണ്. ബ്ളോഗുകള്‍ക്കായി സെര്‍ച്ച് എഞ്ചിനുകളും നിലവില്‍ വന്നിരിക്കുന്നു. blogsearchengine.com എന്ന വെബ്സൈറ്റ് വിവിധ വിഭാഗങ്ങളിലെ പ്രമുഖ ബ്ളോഗുകള് കാണാനും സെര്‍ച്ച് ചെയ്യാനും അവസരമൊരുക്കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ബ്ളേഗിംഗിന് സര്‍ക്കാര്‍ അംഗീകാരമുണ്ട്. അവനവന്റെ വ്യക്തിത്വം വെളിപ്പെടുത്താതെയും ബ്ളോഗ് ചെയ്യാന്‍ നിയമ പരിരക്ഷ നല്കുന്നു. ബ്ളോഗര്‍ക്ക് ഇതര മാധ്യമ പ്രവര്‍ത്തകരെപ്പോലെത്തന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കാനുള്ള അവകാശവും നല്കിയിരിക്കുന്നു. ഇന്ത്യന്‍ ബ്ളോഗര്മാര്ക്ക് അക്രെഡിറ്റേഷന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ സന്തോഷത്തോടെയാണ് നേരത്തെ ഈ മേഖല സ്വീകരിച്ചത്. ഈസമയത്ത് മലയാളത്തില്‍ കാര്യമായ ഒരു 'ബൂലോക' കൂട്ടായ്മ നിലവിലില്ലായിരുന്നു.
ഇപ്പോള്‍ മലയാളം ബൂലോകം അത്യന്തം സജീവമായിരിക്കയാണ്. ആശയവിനിമയ ലോകത്ത് വലിയൊരു കുതിച്ചു ചാട്ടമാണിത്. കൊച്ചുകുട്ടികള്‍ക്കു വരെ തങ്ങളുടെ പ്രബന്ധങ്ങളും കഥകളും കവിതകളും ചിത്രങ്ങളുമൊക്കെ അതിവിശാലമായ ഇതിന്റെ ലോകത്ത് പ്രസിദ്ധീകരിക്കാനുള്ള സൌകര്യമൊരുങ്ങിയിരിക്കയാണ്. കുറുമാനും അവറാന് കുട്ടിയും അനോണി ആന്റണിയും ഇടിവാളും ഭൂമിപുത്രിയും കാന്താരിക്കുട്ടിയും ഇഞ്ചിപ്പെണ്ണും പോക്കിരി വാസുവും പച്ചാളവും പോളച്ചനും പടൂസും വാവക്കാടനുമൊക്കെ മലയാളം ബൂലോകത്ത് മുന്നേറുകയാണ്. അത്യന്തം രസകരമായൊരു ലോകം തന്നെയാണത്. ബ്ളോഗ് അടുത്ത് പരിചയപ്പെട്ടാല്‍ പിന്നെ നിങ്ങളതില്‍ നിന്ന് പിന്മാറുന്നു പ്രശ്നമില്ല. രസകരമെന്ന് മാത്രമല്ല പഠനാര്‍ഹമായ ആയിരക്കണക്കിന് കുറിപ്പുകള്‍ക്കൊപ്പം ഗവേഷണ പ്രബന്ധങ്ങള്‍ വരെ നിങ്ങള്‍ക്കവിടെ ലഭിക്കും. ചൂടുള്ള വാര്‍ത്തകള്‍ക്കൊപ്പം ലോകത്തെങ്ങുമുള്ള മലയാളികളുടെ പ്രതികരണങ്ങളും ഒന്നിച്ചു ലഭിക്കുന്നു.
ബ്ളോഗര്മാര്ക്ക് അവരവരുടെ ആശയങ്ങളുണ്ട്. വ്യത്യസ്ത ചിന്താഗതിക്കാര്‍. വിവിധ രാഷ്ട്രീയ കക്ഷികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിവിധ മതവിഭാഗക്കാര്‍. മതമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ്് 'ബൂലോക'മെന്ന ഈ വിശാല പ്രപഞ്ചം. പാഠപുസ്തക വിവാദവും ആണവക്കരാറുമൊക്കെ ബ്ളോഗിലും പ്രതിഫലിക്കുന്നു. അതേസമയം ഹൃദയ വിശാലതയിലും പരസ്പര ബഹുമാനത്തിലും ബ്ളോഗര്‍മാര്‍ മാതൃകയാവുകയാണ്. ബ്ളോഗിലൂടെ അവര്‍ പരസ്പരം ഹൃദയം തുറക്കുന്നു. തങ്ങളുടെ ബ്ളോഗില്‍ മറ്റുള്ളവര്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും വളരെ മാന്യമായിട്ടാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. ഏത്രീതിയിലെ സംവാദങ്ങള്‍ക്കും അവര്‍ ചെവികൊടുക്കുന്നു. എല്ലാ ആശയങ്ങളും തുറന്ന മനസ്സോടെ അവര്‍ കേള്‍ക്കുന്നു. ബ്ളോഗ് പേജുകള്‍ പതിവായി സന്ദര്‍ശിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടാതിരിക്കില്ല.
മലയാളത്തില്‍ എങ്ങനെ ബ്ളോഗ് നിര്‍മ്മിക്കാമെന്ന് നിങ്ങളെ പഠിപ്പിക്കുന്ന വലിയൊരു കൂട്ടം ബ്ളോഗുകള് തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബ്ളോഗ് നിര്‍മ്മാണത്തിന്റെ ആദ്യാക്ഷരി മുതല്‍ അതിന്റെ സങ്കീര്‍ണതകളിലേക്ക് വരെ വെളിച്ചം പകരുന്നവയാണിവ. കമ്പ്യൂട്ടറില്‍ മലയാളം ലിപി പ്രത്യക്ഷമാക്കല്‍, മലയാളം യൂണികോഡ് ഉപയോഗം, മലയാളം ടൈപിംഗ്, മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യല്‍, ബ്ളോഗ് പേജുകളുടെ ക്രമികരണം, ഫോട്ടോ, പ്രസന്റേഷന് പ്രോഗ്രാമുകള്‍, വീഡിയോ ക്ളിപ്പുകള്‍ തുടങ്ങിയവ ബ്ളോഗിലേക്ക് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ബ്ളോഗുകള് വിശദീകരിക്കുന്നു. മലയാളത്തില്‍ ബ്ളോഗ് കൂടുതല്‍ ജനപ്രിയമാക്കാനായി കേരളാ ബ്ളോഗ് അക്കാദമി പോലുള്ള ബ്ളോഗര്‍മാരുടെ കൂട്ടായ്മകളും രംഗത്തുണ്ട്.
ബ്ളോഗ് ഹെല്പ്ലൈന് (http://bloghelpline.blogspot.com), ഇപത്രം (epathram.com/home/boologam), കേരള ബ്ളോഗ് അക്കാദമി (keralablogacademy.blogspot.com), എങ്ങനെ മലയാളം ബ്ളോഗ് തുടങ്ങാം (howtostartamalayalamblog.blogspot.com), നിങ്ങള്‍ക്കായി (ningalkkai.blogspot.com), ബ്ളോഗ് സഹായി (blogsahayi.blogspot.com) തുടങ്ങിയ ഒട്ടേറെ ബ്ളോഗ് സൈറ്റുകളാണ് ഈ രീതിയില്‍ രംഗത്തെത്തിയിരിക്കുന്നത്.
ചുരുക്കത്തില്‍ ആശയ വിനിമയ ലോകത്ത് അതിവിശാലമായൊരു ഭൂമികയാണ് ബ്ളോഗിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ മാധ്യമമായി ബ്ളോഗ് വളരുകയാണ്. അതിരുകളും പരിധികളുമില്ലാത്ത വ്യക്തി ബന്ധങ്ങളുടെ അതിവിശാല ലോകം. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഇത് വന്‍തോതില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
*****