2010, മേയ് 18, ചൊവ്വാഴ്ച

കരുത്താര്‍ജ്ജിക്കുന്ന മൊബൈല്‍ ഫോണുകള്‍
(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ മെയ് 2010 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മൊബൈല്‍ ഫോണില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റങ്ങളൊന്നും തന്നെ ടെക്നോളജിയുടെ ഇന്നത്തെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായ രുപത്തില്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്തമല്ലെന്നതാണ് സത്യം. കാരണം അവയൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപകല്‍പന ചെയ്തവയാണ്. പുതിയ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഈ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ നിരന്തരം അപ്ഗ്രേഡ് ചെയ്യേണ്ടിയിരിക്കുന്നു. പുതിയ സൌകര്യങ്ങളും സവിശേഷതകളുമൊക്കെയുള്ള പുത്തന്‍ ഹാന്‍ഡ് സെറ്റുകളും നെറ്റ്വര്‍ക്കുകളുടെ പുതിയ തലമുറകളും പ്രത്യക്ഷമാകുമ്പോള്‍ ഇത് ഒഴിച്ചുകൂടാനാവാത്തതായിത്തീരുന്നു. മൊബൈല്‍ രംഗത്തെ മൂന്നാം തലമുറ നമ്മുടെ സംസ്ഥാനത്ത് എത്തിയപ്പോള്‍ മഹാഭൂരിഭാഗം ഉപയോക്താക്കളുടെ ഹാന്‍ഡ്സെറ്റുകള്‍ അത് സ്വീകരിക്കാന്‍ സജ്ജമായിരുന്നില്ല. 3G പ്രയോജനപ്പെടുത്തിയുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ്, വീഡിയോ റിക്കാര്‍ഡിംഗ്, ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ഡൌണ്‍ലോഡ് ചെയ്യല്‍, വേഗതയേറിയ ഇന്റര്‍നെറ്റ് സെര്‍ഫിംഗ്, മെസഞ്ചര്‍ പ്രോഗ്രാമുകളുടെ ഉപയോഗം ഇവയൊക്കെ നമ്മുടെ കൈപിടിയിലെത്തിയെങ്കിലും അവ പ്രയോജനപ്പെടുത്താന്‍ അനുയോജ്യമായ ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത ഹാന്‍ഡ്സെറ്റുകള്‍ അപൂര്‍വമാണ്. കമ്പ്യൂട്ടറിലെന്ന പോലെ ഒരേസമയത്ത് പല സോഫ്റ്റ്വെയറുകള്‍ മൊബൈലില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതും ആവശ്യമായിരിക്കയാണ്. ഇതൊക്കെ പരിഗണിക്കുമ്പോള്‍ പഴയ ഓപറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനെക്കാള്‍ ഉത്തമം പുതിയവ വികസിപ്പിക്കലാണെന്നും നല്ലൊരു വിഭാഗം കണക്കാക്കുന്നു.

നെറ്റിലെ ഭീമന്‍മാരായ ഗൂഗിള്‍ പുറത്തിറക്കിയ പുതിയ മൊബൈല്‍ ഹാന്‍ഡ്സെറ്റായ നെക്സസ് വണ്‍ (Nexus One) ഗൂഗിള്‍ തന്നെ വികസിപ്പിച്ച ആന്‍ഡ്രോയിഡ് (Android) മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ഉള്‍ക്കൊള്ളുന്നു. ഓപണ്‍സോഴ്സ് ഓപറേറ്റിംഗ് സിസ്റ്റമായ ലിനക്സ് അവലംബാക്കി വികസിപ്പിച്ചതാണിത്. പ്രസിദ്ധ ഹാര്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന നെക്സസ് വണ്‍ ഒരു സൂപ്പര്‍ ഫോണ്‍ തന്നെയായിരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. തങ്ങളുടെ പുതിയ തലമുറ മൊബൈല്‍ ഫോണിന് നിലവിലെ സിമ്പിയന്‍ ഓപറേറ്റിംഗ് സിസ്റ്റം അനുയോജ്യമല്ലെന്ന് നോക്കിയയും മനസ്സിലാക്കിക്കഴിഞ്ഞു. അതിനാല്‍ തന്നെ ലിനക്സ് അവലംബമാക്കിയുള്ള മൊബൈല്‍ ഫോണ്‍ ഓപറേറ്റിംഗ് സിസ്റ്റം നോക്കിയയും രംഗത്തിറക്കിയിരിക്കയാണ്. തങ്ങളുടെ പുതിയ ഹാന്‍ഡ്സെറ്റായ N900 മോഡലില്‍ ഈ ഓപറേറ്റിംഗ് സസ്റ്റമാണ് നോക്കിയ ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറിനെക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുവെന്നതാണ് ഈ ഹാന്‍ഡ് സെറ്റിന്റെ പ്രത്യേകതയായി നോക്കിയ അവകാശപ്പെടുന്നത്.

മൊബൈല്‍ ഫോണിന്റെ അടിസ്ഥാന സൌകര്യം അതിലെ ഓഡിയോ സംവിധാനമാണല്ലോ. ടെക്സ്റ്റിനോടൊപ്പം എവിടെയും ശബ്ദം ഉള്‍പ്പെടുത്താനാവുമെന്നതാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് സിസ്റ്റത്തിന്റെ സവിശേഷത. മെമ്മറി കൂട്ടാനുള്ള എസ്.ഡി കാര്‍ഡിലും സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു പ്രവര്‍ത്തിപ്പിക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. ഒരു ജിഗാഹെര്‍ട്ട്സ് വേഗതയുള്ള പ്രോസസ്സര്‍, ഓപറേറ്റിംഗ് സിസ്റ്റവും സോഫ്റ്റ്വെയറുകളും പ്രവര്‍ത്തിക്കാനും ഡാറ്റ സൂക്ഷിക്കാനുമായി 1028 മെഗാബയ്റ്റ് മെമ്മറി. 32 ജിഗാബയ്റ്റ് വരെ സംഭരണ ശേഷിയുള്ള എസ്. ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സൌകര്യം, 3.7 ഇഞ്ച് ഡിസ്പ്ലേ സ്ക്രീന്‍ എന്നിവക്ക് പുറമെ ഇതുപയോഗിച്ച് റിക്കാര്‍ഡ് ചെയ്യുന്ന വീഡിയോ ഫയലുകള്‍ വൈഫൈ വയര്‍ലെസ് സംവിധാനമുപയോഗിച്ച് യൂട്യൂബിലേക്ക് അപ്ലോഡ് ചെയ്യാനും സാധ്യമാണ്. ജി.പി.എസ് നേവിഗേഷന്‍, ബ്ലൂടൂത്ത് എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഫോണ്‍ ഉപയോഗിച്ച് ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. www.google.com/phone എന്ന ലിങ്കിലൂടെ ഇതിന്റെ പൂര്‍ണ്ണ വിവരം ലഭിക്കും.

സാധാരണക്കാരെസ്സംബന്ധിച്ചേടത്തോളം നോക്കിയ എന്നത് മൊബൈല്‍ ഫോണിന്റെ പര്യായം തന്നെ. ലോകത്ത് വില്പന നടത്തുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകളില്‍ നോക്കിയയുടെ വിഹിതം മുപ്പത്തൊമ്പത് ശതമാനം വരുമെന്നാണ് കണക്ക്. നോക്കിയയുടെ സാധാരണ ഹാന്‍ഡ്സെറ്റുകളില്‍ നിന്ന് ഭിന്നമായി ഏറ്റവും പുതിയ ഫോണുകളിലൊന്നായ N900, ലിനക്സ് അവലംബമാക്കിയുള്ള പുതിയ ഓപറേറ്റിംഗ് സിസ്റ്റവുമായിട്ടാണ് വിപണിയിലെത്തുന്നത്. നോക്കിയയുടെ ഭാഗത്തുനിന്നുള്ള പുതിയൊരു ചുവടുവെപ്പാണിത്. ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് മായ്മോ 5 (Maemo 5) എന്നാണ്. സ്മാര്‍ട്ട് ഫോണുകളിലെ പുതിയ തലമുറയുടെ സൌകര്യങ്ങളെല്ലാം ലഭിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഈ ഫോണ്‍ നന്നായി ഇഷ്ടപ്പെടാതിരിക്കില്ല. സാധാരണ ഡെസ്ക്ക് ടോപ് കമ്പ്യൂട്ടറിന്റെ മിക്ക സവിശേഷതകളും ഇതുള്‍ക്കൊള്ളുന്നു. അങ്ങേയറ്റം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി മൂന്ന് പ്രോസസ്സറുകളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന മെമ്മറി കപ്പാസിറ്റി, ടച്ച് സ്ക്രീന്‍, ഭേദപ്പെട്ട ബ്രൌസിംഗ് സൌകര്യം, കമ്പ്യൂട്ടറിലെന്ന പോലെ ഒരേസമയം ഒന്നിലധികം ആപ്ളിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മള്‍ട്ടി ടാസ്കിംഗ് സംവിധാണം തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. ഓഫീസ് പാക്കേജിലെ ഡോക്യുമെന്റ് ഫയലുകളും പി.ഡി.എഫ് ഫയലുകളും വായിച്ച് കേള്‍ക്കാന്‍ ഇതില്‍ സൌകര്യമൊരുക്കിയിരിക്കുന്നുവെന്നറിയുമ്പോള്‍ മൊബൈല്‍ ടെക്നോളജി വളരുകയാണെന്ന് നമുക്ക് തറപ്പിച്ച് പറയാനാവും. ഫെയ്സ് ബുക്ക്, ഓര്‍ക്കൂട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിലെ കൂട്ടുകാരുമായി ഏതുസമയവും സന്ദേശങ്ങള്‍ കൈമാറും ഇതില്‍ സൌകര്യമുണ്ട്.

ഇന്റര്‍നെറ്റ്, മള്‍ട്ടമീഡിയ, പ്രോഗ്രാമിംഗ്, ഗ്രാഫിക്സ്, ജി.പി.എസ് നേവിഗേഷന്‍ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലായി ധാരാളം ആപ്ളിക്കേഷനുകള്‍ ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാണ്. 600 Mhz പ്രോസസ്സര്‍, 256 മെഗാബയ്റ്റ് റാം, 32 ജിഗാബയ്റ്റ് സ്റ്റോറേജ് കപ്പാസിറ്റി, 3.5" ടച്ച് സ്ക്രീന്‍, ഓട്ടോഫോക്കസ് സൌകര്യമുള്ള അത്യാധുനിക ക്യാമറ തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്. മൊസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നതിനാല്‍ സാധാരാണ മൊബൈല്‍ ബ്രൌസറുകളില്‍ നിന്ന് വ്യത്യസ്തമായി മിക്ക വെബ്സൈറ്റുകളും ഇതില്‍ ലഭിക്കുന്നതാണ്. സ്മാര്‍ട്ട് ഫോണ്‍ എന്നതിലുപരി ഒരു സമ്പൂര്‍ണ്ണ ഹാന്‍ഡ്ഹെല്‍ഡ് കമ്പ്യൂട്ടറെന്ന വിശേഷണം ഇതര്‍ഹിക്കുന്നു.

ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ കൂട്ടുകാരുമായി സ്ഥിരമായി ബന്ധപ്പെടുന്ന യുവാക്കളെ ലക്ഷ്യമാക്കി സാംസംഗ് കമ്പനി തങ്ങളുടെ കോര്‍ബി (Corby) സീരീസ് ഫോണുകള്‍ വിപണിയിലിറക്കിയിരിക്കയാണ്. അതീവ സുന്ദരവും അതേസമയം പോക്കറ്റിലൊതുങ്ങുന്ന വിലയും ഇതിന്റെ ഗുണങ്ങളാണ്. കോര്‍ബി ടച്ച്, കോര്‍ബി മെസഞ്ചര്‍ എന്നീ ഏറ്റവും പുതിയ മോഡലുകളുപയോഗിച്ച് കമ്പ്യൂട്ടറിലെന്ന പോലെ വ്യത്യസ്ത സോഫ്റ്റ്വെയറുകളും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കമ്പനിയുടെ
വെബ്സൈറ്റില്‍ നിന്ന് ആവശ്യമായ സോഫ്റ്റ്വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യമുണ്ട്.

ഇത് മൊബൈല്‍ ഫോണ്‍ മോഡലുകളുടെ കാലമാണല്ലോ. ആപ്പിളിന്റെ പ്രസിദ്ധമായ ഐഫോണിന്റെ കടുത്ത എതിരാളിയായി മോട്ടറോള വിപണിയിലിറക്കിയ ഡ്രോയിഡ് (Droid) അനേകം ആപ്ളിക്കേഷനുകളുടെ ഫോണ്‍ എന്ന വിശേഷണമാണര്‍ഹിക്കുന്നത്. ഐപോഡ് പോലെ ടച്ച് സ്ക്രീന്‍, വൈഫൈ വയര്‍ലെസ് കണക്ഷന്‍, സംഗീതത്തിനും വീഡിയോക്കും പ്രത്യേകം പരിഗണന, ഇന്റര്‍നെറ്റ് ബ്രൌസിംഗ്, ഇ^മെയില്‍, ജി.പി.എസ് തുടങ്ങിയ ഒട്ടേറെ സൌകര്യങ്ങള്‍ ഇതുള്‍ക്കൊള്ളുന്നു. വ്യത്യസ്ത ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതോടെ ഇത് ജി.പി.എസ് നേവിഗേറ്റര്‍, മ്യൂസിക് ഇന്‍സ്ട്രുമെന്റ്, മെഡിക്കല്‍ എക്യുപ്മെന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ഗൂഗിള്‍ മൊബൈല്‍ ഫോണുമായി വിപണിലെത്തിയതുപോലെ മൈക്രോസോഫ്റ്റ് കോര്‍പറേഷനും രണ്ട് ഇനം സ്മാര്‍ട്ട് ഫോണുകളുമായി അരങ്ങിലെത്തുകയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കളായ യുവാക്കളെയാണ് ഇവ ലക്ഷ്യമാക്കുന്നത്. ഐഫാണും ബ്ലാക്ബെറിയുമൊക്കെ അരങ്ങുതകര്‍ക്കുന്ന വിപണിയില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് ഈ സോഫ്റ്റ്വെയര്‍ ഭീമന്‍മാരുടെ ഒരുക്കം. ഒന്ന് കോഴിമുട്ടക്ക് സമാനമായ ആകൃതി. മറ്റൊന്ന് ദീര്‍ഘ ചതുരത്തിലുള്ള മോഡല്‍. അതങ്ങനെത്തന്നെയാണെന്ന് തറപ്പിച്ച് പറയാനും വയ്യ. അതേതായാലും ഇത് മൈക്രോസോഫ്റ്റിന്റെ രൂപകല്‍പനയാണ്. മൈക്രോസോഫ്റ്റിനു വേണ്ടി 'ഷാര്‍പ്' കമ്പനിയാണ് ഹാന്‍ഡ് സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് ജിഗാബയ്റ്റ് ഇന്‍ബില്‍റ്റ് മെമ്മറി, അഞ്ച് മെഗാപിക്സല്‍ ക്യാമറ, ടച്ച് സ്ക്രീന്‍ തുടങ്ങിയവയൊക്കെ ഇവയുടെ സവിശേഷതകളാണ്. വിന്‍ഡോസ് മൊബൈലിന്റെ പ്രത്യേകം രൂപകല്‍പന ചെയ്ത ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

അങ്ങേയറ്റം വ്യക്തതയും തെളിച്ചവുമുള്ള സ്ക്രീന്‍, ടച്ച് സ്ക്രീനിന് പകരം മൊബൈലിന്റെ പിന്‍വശത്തെ സ്പര്‍ശനം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ് സെറ്റുകള്‍. ചില ഹാന്‍ഡ് സെറ്റുകള്‍ക്ക് രണ്ട് സ്ക്രീനുകള്‍, ചില സെറ്റുകള്‍ രണ്ട് അഡീഷനല്‍ സ്ക്രീനുകള്‍ കൂടി ഘടിപ്പിച്ച് ഒരേസമയം മൂന്ന് ടി.വി. പ്രോഗ്രാമുകള്‍ കാണാന്‍ സൌകര്യം. അഞ്ച് ദിവസം വരെ തുടച്ചയായി സംഗീതമാസ്വദിച്ചാലും തീരാത്ത ബാറ്ററി ബാക്കപ്പ്, മൊബൈല്‍ ഫോണില്‍ ബ്ലൂറേ ഡിഡ്ക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൌകര്യം, പതിനാല് മെഗാപിക്സല്‍ വരെ വ്യക്തതയുള്ള ക്യാമറ, കൈകൊണ്ടുള്ള ആംഗ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സെറ്റുകള്‍, അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിയിണക്കുന്ന വിന്‍ഡോസ് മൊബൈല്‍ 7, സിംബിയാന്‍ 3, ആന്‍ഡ്രോയിഡ് തുടങ്ങിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍, അങ്ങേയറ്റം കാര്യക്ഷമതയും വേഗതയുമുള്ള പ്രോസസറുകള്‍, ഗ്രാഫിക്സുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം പ്രോസസറുകള്‍, ഒരേസമയം മെബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും കാറിലും ടി.വിയിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാന്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്വെയറുകള്‍... ഇതൊക്കെയാണ് നിലവില്‍ ലഭ്യമായി വരുന്ന പുതിയ മൊബൈല്‍ ലോകം. അതനുസരിച്ച് നമ്മുടെ സമൂഹവും മാറുകയാണ്. മാറ്റങ്ങളുടെ ലോകത്തേക്ക്. ആധുനിക മനുഷ്യന്റെ ജീവിയ ചര്യയും സ്വഭാവ രീതികളും ടെക്നോളജിയുടെ വികസനത്തിനനുസരിച്ച് മാറുകയാണ്. അതേസമയം ഇത്തരം ഫോണുകളുമായി മല്‍സരിക്കാന്‍ ഐപാഡ്, ഓപണ്‍ ടാപ്ലറ്റ്, ആഡം തുടങ്ങിയ കമ്പ്യൂട്ടര്‍ സെറ്റുകളും രംഗത്തെത്തുകയാണ്. അങ്ങനെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും ഒന്നായിത്തീരുന്ന ലോകമാണ് വരാനിരിക്കുന്നത്.
==================