4000 രൂപ ഉല്‍പാദനച്ചിലവുള്ള സാധനത്തിന് നാല്‍പതിനായിരവും ആറായിരം രൂപ ചിലവുള്ളതിന് അറുപതിനായിരവും രൂപ വില ഈടാക്കുന്ന കാലം അവസാനിക്കാറായി എന്നാണ് തോന്നുന്നത്. പകരം വരുന്നത് ചൈനക്കാരനാണ്. ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള 'ഷവോമി' കമ്പനി ഇപ്പോള്‍ ഈ രംഗത്ത് ആഗോള തലത്തില്‍ തന്നെ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിക്കൊണ്ടാണ് ഞങ്ങളിപ്പോള്‍ മുന്നേറുന്നതെന്ന് അതിന്റെ തലവന്‍ ഇയ്യിടെ അവകാശപ്പെടുകയുണ്ടായി. നേരത്തെ ഈ രഗേത്തുണ്ടായിരുന്ന ബ്ലാക്ബെറി, എച്ച്.ടി.സി, എല്‍.ജി, സോണി എന്നിവരൊക്കെ ഇപ്പോള്‍ എവിടെയാണുള്ളത്?
ഒരു കാലത്ത് മൊബൈല്‍ ഫോണിന്റെ പര്യായമായിരുന്ന 'നോക്കിയ' വളരെ പെട്ടെന്നല്ലേ ചരിത്രത്തിന്റെ ഭാഗമായത്. നേരത്തെ നോക്കിയയും സോണി എരിക്സണും എച്ച്.ടി.സിയുമൊക്കെ അവയുടെ ഉയര്‍ന്ന സവിശേഷതകളുള്ള ഫോണുകള്‍ക്ക് അമിത വില ഈടാക്കിയപ്പോഴാണ് ഉപഭോക്താക്കള്‍ക്ക് അല്‍പം ആശ്വാസം പകര്‍ന്നുകൊണ്ട് സാംസംഗ് രംഗത്തെത്തിയത്. ഏറെത്താമസിയാതെ വിപണിയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്ക് സാധ്യമായി. എന്നാല്‍ അന്ന് നോക്കിയ അനുവര്‍ത്തിച്ച അതേ നയമാണ് ഇപ്പോള്‍ സാംസംഗ് ഉപഭോക്താക്കളോട് അനുവര്‍ത്തിക്കുന്നത്. സാംസംഗിന്റെ ഗാലക്സി നോട്ട് 4 ന്റെ വില ഏകദേശം അറുപതിനായിരം രൂപ. ഗ്യാലക്സി എസ് 5 ന്റെ വില ഏകദേശം 40,000 രൂപ. ഏറെക്കുറെ സമാന സവിശേഷയകളുമായി പുറത്തിറങ്ങിയ ആപ്പിളിന്റെ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ വില അര ലക്ഷം രൂപക്ക് മുകളില്‍.
ചൈനക്കാര്‍ അത്ര മോശക്കാരൊന്നുമല്ല. നോട്ട്ബുക്ക് പി.സിയുടെ വില്‍പനയില്‍ ഡെല്‍, എച്ച്.പി, കംപാക്, തോഷിബ, സോണി, എയ്സര്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളെ പിന്നിലാക്കി ചൈനയുടെ 'ലനോവ'യല്ലേ ഒന്നാം സ്ഥാനത്തുള്ളത്. ഷവോമി, വണ്‍പ്ലസ്, മെയ്സു തുടങ്ങിയ ചൈനീസ് കമ്പനി നാമങ്ങളൊക്കെ ഈ അടുത്ത കാലത്താണ് നാം കേള്‍ക്കാന്‍ തുടങ്ങിയത്. വളരെപ്പെട്ടെന്നാണ് ചൈനയുടെ വന്‍മതില്‍ ഭേദിച്ച് അവ ആഗോള വിപണിയിലെത്തുന്നത്. വണ്‍പ്ലസ് വണ്‍ ചൈനക്കാരന്റെ ഐഫോണാണ്. ഐഫോണിനെപ്പോലും പിന്നിലാക്കുന്ന സവിശേഷതകള്‍. വിലയാണെങ്കില്‍ ഐഫോണിന്റെ മൂന്നിലൊന്ന്. സാംസംഗിന്റെ ഫോണുകളെയും പിന്നിലാക്കുന്ന സവിശേഷതകളുമായി വിപണിയിലെത്തുന്ന ഷവോമി ഫോണുകള്‍ക്ക് സാംസംഗ് ഫോണുകളുടെ വിലയുടെ പകുതിയില്‍ താഴെ.
പുതിയ ലോകം സ്മാര്‍ട്ട് ഫോണുകളുടെ അടിമകളോ അഡിക്റ്റുകളോ ആയി മാറിയെന്നത് ഒരു യാഥാര്‍ഥ്യം മാത്രം. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ 27.8 കോടി. ഈ വര്‍ഷാവസാനത്തോടെ അത് 32 കോടിയായി വര്‍ദ്ധിക്കും. ഇതില്‍ ബഹുഭൂരിഭാഗവും നെറ്റ് ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ്. ഇനി പറയൂ, സാധാരണ ഉപയോക്താക്കള്‍ ആരെ സ്വീകരിക്കും? വിപണിയില്‍ ആര് മുന്നേറും?